ഇപ്‌സ്വിച്ച്: ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ഓണഘോഷം സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭീരമായി. നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഭദ്രദീപം തെളിച്ചു ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സംഘടനയുടെ ഇപ്‌സ്വിച്ച് യൂണിറ്റാണ് ഉത്രാട ദിവസം കൊണ്ടാടിയ ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയും ഇപ്‌സ്വിച്ച് യൂണിറ്റ് കമ്മിറ്റിയും പുനസംഘടിപ്പിക്കപ്പെട്ടതിനു ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയെന്ന പ്രത്യേകതയും ഇത്തവണത്തെ ഓണാഘോഷ പരിപാടിക്കുണ്ടായിരുന്നു.
താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയില്‍ അലങ്കരിച്ച വേദിയും മെഗാ പൂക്കളവും പകര്‍ന്ന ദൃശ്യ വിസ്മയം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് മാവേലി തമ്പുരാന്‍ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
വയനാട് പ്രകൃതി ദുരന്തത്തിനിരയായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ ഒ ഐ സി സി (യു കെ) ഇപ്‌സ്വിച്ച് യൂണിറ്റ് പ്രസിഡന്റ് ബാബു മാങ്കുഴിയില്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ കെ ജി ജയരാജ് ആമുഖവും ഇപ്‌സ്വിച്ച് യൂണിറ്റ് ജനറല്‍ സെക്രട്ടറി സ്വാഗതവും ആശംസിച്ചു.
ഉദ്ഘടന പ്രസംഗത്തില്‍ സംഘടനാ കൂട്ടായ്മകളില്‍ ആഘോഷ പരിപാടികള്‍ പ്രധാനം ചെയ്യുന്ന സ്‌നേഹം ഐക്യം എന്നിവയുടെ പ്രസക്തി എടുത്തു പറഞ്ഞു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു ഇത്തരത്തില്‍ വിപുലമായ ക്രമീകരണങ്ങളോടെ ഓണാഘോഷം ഏറ്റെടുത്തു നടത്താന്‍ തയ്യാറായ ഇപ്‌സ്വിച്ച് യൂണിറ്റിനെ നാഷണല്‍ കമ്മിറ്റിയുടെ അനുമോദനവും നന്ദിയും അറിയിച്ചു.
തുടര്‍ന്നു, ഒ ഐ സി സി (യു കെ) വര്‍ക്കിംഗ് പ്രസിഡന്റ് അപ്പ ഗഫൂര്‍, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോര്‍ജ് ജോസഫ്, ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള, നാഷണല്‍ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, മറ്റു ഭാരവാഹികളായ സി നടരാജന്‍,
ബേബി ലൂക്കോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഒ ഐ സി സി (യു കെ) ഇപ്‌സ്വിച്ച് യൂണിറ്റ് പ്രവര്‍ത്തകര്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ 200 - ഓളം പേര്‍ ഒരുമിച്ചിരുന്നു അസ്വദിച്ചത് പുത്തന്‍ അനുഭവം പകര്‍ന്നു . യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേര്‍ന്നു അവതരിപ്പിച്ച കലാവിരുന്നുകള്‍ ഓണാഘോഷത്തിന്റെ കൊഴുപ്പ് വര്‍ധിപ്പിച്ചു. പ്രസ്ഥാനത്തിന്റെ മുന്‍പോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ഫണ്ട് രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ലേലം, പ്രസ്ഥാനത്തോടുള്ള അംഗങ്ങളുടെ ആത്മാര്‍ത്ഥത വിളിച്ചോതുന്നതായിരുന്നു.
അവതരണം കൊണ്ടു സദസ്സിന്റെ പ്രശംസ നേടുകയും ഓണസദ്യവട്ടങ്ങള്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത കെ ജി ജയരാജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിഷ്ണു പ്രതാപ്, ഇപ്‌സ്വിച്ച് യൂണിറ്റ് ഭാരവാഹികളായ അഡ്വ. സി പി സൈജേഷ്, ജെനിഷ് ലൂക്ക, ജിജോ സെബാസ്റ്റ്യന്‍, നിഷ ജെനിഷ്, ജോസ് ഗീവര്‍ഗീസ്, നിഷ ജയരാജ്, ജിന്‍സ് വര്‍ഗീസ്, ജോണ്‍സണ്‍ സിറിയക്, ബിജു ജോണ്‍, ആന്റു എസ്തപ്പാന്‍, ജയ്‌മോന്‍ ജോസ്, ജെയ്‌സണ്‍ പിണക്കാട്ട്, ബാബു മത്തായി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പരിപാടിയുടെ വലിയ വിജയത്തില്‍ ചെറുതല്ലാത്ത പങ്കു വഹിച്ച സ്‌പോണ്‍സമാരായ
ഷൈനു ക്ലെയര്‍ മാത്യൂസ് (ടിഫിന്‍ ബോക്‌സ്, കവന്ററി), ജിജോ സെബാസ്റ്റ്യന്‍ (വൈസ് മോര്‍ട്‌ഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ്), മാത്യു തോമസ് (കേരള സ്റ്റോര്‍, ഇപ്‌സ്വിച്ച്), മാവേലിയുടെ വേഷ പകര്‍ച്ച ഗംഭീരമാക്കിയ ജീനീഷ് ലൂക്ക, പരിപാടിയില്‍ പങ്കാളികളായവര്‍ക്കുമുള്ള നന്ദി യൂണിറ്റ് പ്രസിഡന്റ് ബാബു മങ്കുഴിയില്‍ രേഖപ്പെടുത്തി.
പരിപാടിയോട് അനുബന്ധിച്ചു നടന്ന റാഫിള്‍ നറുക്കെടുപ്പില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള സമ്മാനദാനം ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഷൈനു ക്ലെയര്‍ മാത്യൂസ്, അപ്പ ഗഫൂര്‍, അഷ്റഫ് അബ്ദുള്ള, റോമി കുര്യാക്കോസ് എന്നിവര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ സാന്നിധ്യമറിയിച്ച നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള ഓണസമ്മാനം ഇപ്‌സ്വിച്ച് യൂണിറ്റ് ഭാരവാഹികള്‍ നല്‍കി. കലാവിരുന്നുകളില്‍ പങ്കാളികളായ കൊച്ചു മിടുക്കര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും കരുതിയിരുന്നു.
വെകുന്നേരം ആറുമണിക്ക് ദേശീയ ഗാനത്തോടെ ആഘോഷങ്ങള്‍ പൂര്‍ണ്ണമായി.
കൂടുതല്‍ ചിത്രങ്ങള്‍:
https://drive.google.com/drive/folders/1u2bzWzbjRknRun-6YJLCmPpDyL2VF1W4?usp=drive_link
റോമി കുര്യാക്കോസ്