ബംഗളൂരുവില്‍ ഐടി ജീവനക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. കൂത്തുപറമ്പ് മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എസ് സ്നേഹ(35)യെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ചയാണ് സ്നേഹയുടെ ഭര്‍ത്താവ് ഹരി എസ് പിള്ള മരണവിവരം സ്നേഹയുടെ കുടുംബത്തെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്‌നേഹയ്ക്ക് ഇല്ലാതിരുന്നതാണ് കുടുംബത്തില്‍ സംശയമുണര്‍ത്തിയത്. ഇതിന് പിന്നാലെ കുടുംബം ദുരൂഹതയാരോപിച്ച് സര്‍ജാപൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഹരിയും ഐടി മേഖലയിലെ ജീവനക്കാരനാണ്. ഇരുവരും മകനൊപ്പം ഏറെക്കാലമായി ബംഗളൂരുവിലാണ് താമസം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അമിതമായ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ മരിക്കുകയായിരുന്നുവെന്നാണ് ഹരി സ്നേഹയുടെ കുടുംബത്തെ വിളിച്ച് അറിയിക്കുന്നത്.
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കുടുംബം ഇടപെട്ട് തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കിയ സാഹചര്യങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. മരണപ്പെടുന്നതിന് മുമ്പ് ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെ കുറിച്ച് സ്നേഹ കുടുംബത്തെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
മഡിവാള മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ സ്നേഹയുടെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെയായിരുന്നു സംസ്‌കാരം.