കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 10 പ്രതികളെ വെറുതെ വിട്ടു. സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജ് എന്‍. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരണെന്ന് കോടതി അറിയിച്ചു.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരനാണെന്ന് കോടതി കണ്ടെത്തി. കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.
ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍. പ്രതികള്‍ക്ക് ജനുവരി 13 ന് ശിക്ഷ വിധിക്കും
2019 ഫെബ്രുവരി 17ന് നടന്ന കൊലപാതക കേസില്‍ 24 പ്രതികളും 270 സാക്ഷികളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് അന്വേഷിച്ച കേസില്‍ 2023 ഫെബ്രുവരി രണ്ട് മുതല്‍ കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചിരുന്നു. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കൃത്യത്തിന് ?ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെവി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഐഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി. കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. സികെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കേസില്‍ പരാതിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു.