ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട കേസില്‍ സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം നടത്തും. തെളിവുകള്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുല്‍ത്താന്‍ബത്തേരി പൊലീസ് ആണ് എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ അന്വേഷിക്കുന്നത്. അതേസമയം എംഎല്‍എ ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് സിപിഎം.
ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബത്തേരിയിലെ എംഎല്‍എ ഓഫീസിലേക്ക് സിപിഎം നാളെ മാര്‍ച്ച് നടത്തും. അര്‍ബന്‍ ബാങ്ക് നിയമന തട്ടിപ്പുമായി വിജയന്റെയും മകന്റെയും മരണത്തിന് ബന്ധമുണ്ടെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
അതിനിടെ അടിസ്ഥാനരഹിതമായ ആരോപണവും വ്യാജ രേഖയും തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് എസ് പിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഐസി ബാലകൃഷ്ണന്‍. നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണ് എംഎല്‍എയുടെ വിശദീകരണം. എന്‍എം വിജയന്റെ ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിക്കണമെന്നും ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്നും ഐസി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഡിസിസി പ്രസിഡന്റായിരുന്നപ്പോള്‍ ഉയര്‍ന്ന നിയമന വിവാദം പാര്‍ട്ടി അന്വേഷിച്ചിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നാണ് അന്ന് കണ്ടെത്തിയതെന്നും എംഎല്‍എ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരും മരിച്ചത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്ന എന്‍ എം വിജയന്‍ നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.