കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നൃത്ത പരിപാടി സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്.
ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. 20 അടിയോളം താഴ്ചയിലേക്കാണ് എംഎല്‍എ വീണത്. ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രിയില്‍ തുടരുകയാണ്.
എന്നാല്‍ അതീവ ഗുരുതരാവസ്ഥയില്‍ അല്ലെന്നും ഐസിയുവിലേക്ക് മാറ്റിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ എംഎല്‍എ വിദഗ്ധ ഡോക്ടര്‍മാരുടെ സാനിധ്യത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. അടിയന്തരശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.