സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയത് കോണിപ്പടിയിലൂടെയും പൈപ്പിലൂടെയും. വീടിന്റെ ഏഴാം നില വരെ ഇയാള്‍ കോണിപ്പടി വഴി കയറിയ ഇയാള്‍ തുടര്‍ന്ന് ഡക്റ്റ് ഏരിയയിലേക്ക് പ്രവേശിച്ച ശേഷം പൈപ്പിലൂടെ വലിഞ്ഞ് കയറുകയായിരുന്നു.
കുളിമുറിയുടെ ജനല്‍ വഴിയാണ് സെയ്ഫ് അലിഖാന്‍ താമസിക്കുന്ന ഭാഗത്തേക്ക് ഇയാള്‍ കയറിയത്. സെയ്ഫിന്റെ വീട്ടിലെ ജോലിക്കാര്‍ പ്രതിയെ കണ്ടതോടെ ഇയാള്‍ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ബഹളം കേട്ടാണ് സെയ്ഫ് അലി ഖാന്‍ പുറത്തേക്ക് വന്നത്. കൃത്യത്തിന് ശേഷം ബാന്ദ്ര വെസ്റ്റിലെ പട്വര്‍ധന്‍ ഗാര്‍ഡന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് ഇയാള്‍ രാവിലെ വരെ കിടന്നുറങ്ങിയത്.
പിന്നീട് ട്രെയ്ന്‍ കയറി മധ്യ മുംബൈയിലെ വോര്‍ളിയിലേക്ക് പോവുകയായിരുന്നു. പ്രതിയുടെ ബാഗില്‍ നിന്ന് സ്‌ക്രൂ ഡ്രൈവര്‍, നൈലോണ്‍ കയര്‍, ചുറ്റിക ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. കുത്തേറ്റ ശേഷം ആ ഭാഗത്തെ വാതില്‍ പുറത്തുനിന്ന് പൂട്ടിയാണ് സെയ്ഫ് അലിഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അക്രമി വന്ന അതേ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. ടിവി വാര്‍ത്തകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും കണ്ടപ്പോള്‍ മാത്രമാണ് താന്‍ ആക്രമിച്ചത് ബോളിവുഡ് താരത്തെയാണ് എന്ന കാര്യം പ്രതിക്ക് മനസിലാകുന്നത് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ബംഗ്ലാദേശ് പൗരനായ ഷെഹ്സാദ് അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്.