CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 10 Minutes 49 Seconds Ago
Breaking Now

യുക്മ നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കോര്‍ഡിനേറ്ററുമായി കുര്യന്‍ ജോര്‍ജ് നിയമിതനായി

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബര്‍മിംങ്ങ്ഹാമില്‍ നടന്നു. ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. യുക്മ സ്ഥാപിതമായി പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പുത്തന്‍ കര്‍മ്മപദ്ധതികളുമായി മുന്നോട്ടു പോകുവാന്‍ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ശക്തമായ റീജിയനുകളും സുശക്തമായ ദേശീയ നേതൃത്വവും എന്ന രീതിയില്‍ അംഗ അസോസിയേഷനുകളെയും യു കെ മലയാളി പൊതു സമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണസമിതി യോഗം വിപുലമായ രൂപരേഖ തയ്യാറാക്കി.

ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജിയണല്‍ പ്രസിഡന്റുമാരും റീജിയണുകളില്‍ നിന്നുമുള്ള ദേശീയ കമ്മിറ്റി അംഗങ്ങളും മുന്‍ പ്രസിഡന്റും, മുന്‍ ജനറല്‍ സെക്രട്ടറിയുമടങ്ങുന്നതാണ് യുക്മ ദേശീയ നിര്‍വ്വാഹക സമിതി. പുതിയ ദേശീയ സമിതി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ തുടര്‍ച്ചയായി യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികയിലുമുള്ള നിയമനങ്ങള്‍ യോഗം അംഗീകരിച്ചു.

അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുള്ള നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ ആയി കുര്യന്‍ ജോര്‍ജ് നിയമിതനായി. സ്ഥാനമൊഴിഞ്ഞ യുക്മ നാഷണല്‍ കമ്മിറ്റിയുടെ (2022 - 2025) ജനറല്‍ സെക്രട്ടറിയായിരുന്നു കുര്യന്‍ ജോര്‍ജ്.

കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയായ കുര്യന്‍ ജോര്‍ജ് ബോള്‍ട്ടന്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗമാണ്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ നന്നേ ചെറുപ്പം മുതല്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച കുര്യന്‍ ജോര്‍ജ്ജ് ബോള്‍ട്ടന്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ്, ബോള്‍ട്ടന്‍ സീറോ മലബാര്‍ ചര്‍ച്ച് ട്രസ്റ്റി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. യുക്മ സ്ഥാപിതമായ സമയം മുതല്‍ യുക്മയുടെ സഹയാത്രികനായ കുര്യന്‍ ജോര്‍ജ്ജ് 2017 - 2019 കാലയളവില്‍ യുക്മ സാംസ്‌കാരിക വേദി അംഗമായി പ്രവര്‍ത്തിച്ചു. 2019 ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള ദേശീയ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, യുക്മ സാംസ്‌കാരിക വേദിയുടെ നാഷണല്‍ കോര്‍ഡിനേറ്ററുടെ ചുമതല കൂടി വഹിച്ചു. കോവിഡ് കാലയളവില്‍ യുക്മയുടെ ആഭിമുഖ്യത്തില്‍ യുക്മ സാംസ്‌കാരിക വേദി അവതരിപ്പിച്ച് ഏറെ ജനശ്രദ്ധയാകര്‍ഷിച്ച 'ലെറ്റ് അസ് ബ്രെയ്ക് ഇറ്റ് ടുഗദര്‍'' എന്ന പ്രോഗ്രാമിന്റെ പ്രധാന ചുമതലക്കാരില്‍ ഒരാളായിരുന്നു കുര്യന്‍ ജോര്‍ജ്ജ്. ബോള്‍ട്ടണിലെ സ്‌കാന്‍ കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തില്‍ ടീം ലീഡറായി ജോലി ചെയ്യുന്ന കുര്യന്‍ ജോര്‍ജ്ജിന്റെ ഭാര്യ മിനി ബോള്‍ട്ടന്‍ ഹോസ്പിറ്റലില്‍ I V സ്‌പെഷ്യലിസ്റ്റ് നഴ്‌സായിട്ട് ജോലി ചെയ്യുന്നു. മക്കള്‍ അലന്‍, ജോഷ്വ.

യുക്മയുടെ പുതിയ നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ ആയി നിയമിതനായ കുര്യന്‍ ജോര്‍ജിനെ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, മുന്‍ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സ്ഥാനമൊഴിയുന്ന പി ആര്‍ ഒ അലക്‌സ് വര്‍ഗീസ് എന്നിവര്‍ അഭിനന്ദിച്ചു. യുക്മയുടെ ഔദ്യോഗിക വാര്‍ത്തകള്‍ നേരിട്ട് കിട്ടാത്ത മാധ്യമങ്ങള്‍  pro.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണല്‍ പി ആര്‍ ഒ യുമായി 07877348602 എന്ന നമ്പറിലും വാര്‍ത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.

 

 

 

അലക്‌സ് വര്‍ഗീസ് 

 

 




കൂടുതല്‍വാര്‍ത്തകള്‍.