മധ്യപ്രദേശിലെ മോറേനയില്‍ മധ്യവയസ്‌കന്‍ ജീവനൊടുക്കിയതില്‍ ദുരൂഹത. മോറേന സ്വദേശിയായ ഹരീന്ദ്ര മൗര്യയുടെ മരണത്തിലാണ് ദുരൂഹത ഉയര്‍ന്നിരിക്കുന്നത്. ഹരീന്ദ്ര ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ഹരീന്ദ്രയെ ഭാര്യയും പെണ്‍മക്കളും മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ കൊലപാതകമാണെന്നുള്ള സംശയം ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് എട്ടിനാണ് ഇയാളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
ഇലക്ട്രിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന ഹരീന്ദ്രയ്ക്ക് മൂന്ന് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഹരീന്ദ്രയും ഭാര്യയും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് അയല്‍വാസികളും ബന്ധുക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് ഒന്നിനാണ് ഇവരുടെ രണ്ട് പെണ്‍മക്കളുടെയും വിവാഹം നടന്നത്. ഇതിന് പിന്നാലെ ഹരീന്ദ്രയുടെ ഭാര്യ വിവാഹമോചനത്തിന് ആവശ്യപ്പെടുകയും വീട്ടിലേക്ക് പോകണമെന്ന് പറയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അസ്വസ്ഥനായ ഹരീന്ദ്ര മുറിയില്‍ കയറി വാതിലടച്ചു. ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ പരിശോധിച്ചപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഹരീന്ദ്രയുടേത് കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.
ഹരീന്ദ്രയെ കൊന്നത് അദ്ദേഹത്തിന്റെ പിതാവും സഹോദരനുമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് വീഡിയോ പുറത്തുവന്നത്. ഹരീന്ദ്രയെ ഭാര്യയും പെണ്‍മക്കളും മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഹരീന്ദ്രയുടെ മകന്‍ സഹോദരിമാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടിയെ സഹോദരിമാര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.