വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം ഉണ്ടായ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ സ്ഥിതി രൂക്ഷം. പ്രദേശത്തേക്ക് കൂടുതല്‍ അര്‍ദ്ധ സൈനികരെ അയക്കുകയാണ് കേന്ദ്രം. മുര്‍ഷിദാബാദിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തയ്യാറെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ മൂന്നുപേര്‍ മരിച്ചു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 150 ഓളം പേര്‍ അറസ്റ്റിലായി.
നിലവില്‍ അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. മറ്റിടങ്ങളിലേക്ക് സംഘര്‍ഷം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടര്‍ സാഹചര്യം നേരിട്ട് വിലയിരുത്തും. ഇതിനിടെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ത്രിപുരയിലും സംഘര്‍ഷമുണ്ടായി. ഉനകോട്ടി ജില്ലയില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.