പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയെക്കുറിച്ച് വിശദമായ അന്വേഷണം തുടരുന്നതിനിടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മൂന്ന് മാസം മുമ്പ് അവര്‍ പഹല്‍ഗാം സന്ദര്‍ശിച്ചിരുന്നതായി വിവരം ലഭിച്ചു. പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സുമായി (ഐഎസ്ഐ) ബന്ധമുണ്ടെന്ന് കരുത്തപ്പെടുന്ന ഡാനിഷ് എന്ന പാക് ഹൈകമ്മിഷന്‍ ജീവനക്കാരന്‍ ജ്യോതിയെ ഹണിട്രാപ്പില്‍ കുടുക്കിയതായും വിവരമുണ്ട്.
തന്ത്രപ്രധാനമായ വിവരങ്ങള്‍ ഐഎസ്ഐയ്ക്ക് കൈമാറിയെന്ന കുറ്റത്തിനാണ് ജ്യോതിയെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) ശേഷ് പോള്‍ വൈദ് ആണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ''പാകിസ്ഥാന്‍ ഹൈമ്മിഷന്‍ ജീവനക്കാരനായ (ഐഎസ്ഐയുമായും ബന്ധം) ഡാനിഷിന്റെ കെണിയില്‍പ്പെട്ട ജ്യോതി മല്‍ഹോത്ര 2025 ജനുവരിയില്‍ പഹല്‍ഗാം സന്ദര്‍ശിച്ചത് യാദൃശ്ചികമാണോ? അവര്‍ ഐഎസ്ഐയ്ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു, സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റിന്‍ ശേഷ് പോള്‍ വൈദ് പറഞ്ഞു.
'നമ്മുടെ ശത്രുപക്ഷത്തുള്ള രാജ്യങ്ങളായ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നിവ ആ രാജ്യങ്ങളുടെ ഹൈകമ്മിഷനുകളോ പതിവായി സന്ദര്‍ശിക്കുന്നവരെ നമ്മുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയെന്ന കുറ്റം ചുമത്തി മേയ് 17നാണ് ജ്യോതിയെ അറസ്റ്റ് ചെയ്തത്.
ട്രാവല്‍ വിത്ത് ജെഒ എന്ന യൂട്യൂബ് ചാനല്‍ നടത്തിവരികയായിരുന്നു ജ്യോതി. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ് അവര്‍. 2024 സെപ്റ്റംബറില്‍ അവര്‍ പുരി സന്ദര്‍ശിച്ചതായും തീരദേശ പട്ടണത്തിലെ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടതായും പുരി എസ് പി വിനീസ് അഗര്‍വാളിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ജ്യോതിയുടെ യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്സ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമിന് 1.33 ലക്ഷം ഫോളോവേഴ്സുമുണ്ട്. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന പാക് സ്വദേശിയായ ജീവനക്കാരനുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും ആരോപണമുണ്ട്. ചാരവൃത്തി നടത്തിയെന്നാരോപിച്ച് മേയ് 13ന് ഇന്ത്യ ഈ പാക് ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. പുരി സ്വദേശിയായ സ്ത്രീ അടുത്തിലെ പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് എസ് പി പറഞ്ഞു.