കേണല്‍ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ വര്‍ഗീയപരാമര്‍ശം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഐജി, ഡിഐജി, എസ് പി എന്നിവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. ഇക്കാര്യം ഡിജിപി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.
വിജയ് ഷായുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. രാജ്യം നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ക്ഷമാപണം മുതലക്കണ്ണീരാകാമെന്നുമാണ് കോടതി വിമര്‍ശിച്ചത്. മന്ത്രിയുടെ ക്ഷമാപണം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് മന്ത്രിയുടെ ഹര്‍ജിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
'അംഗീകരിക്കാനാകാത്ത പരാമര്‍ശമാണ് വിജയ് ഷാ നടത്തിയത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം. സൈന്യത്തെ സംബന്ധിച്ച് പരാമര്‍ശം പ്രധാനമാണ്. ഉത്തരവാദിത്തത്തോടെ പെരുമാറണം' എന്നും സുപ്രിംകോടതി വിജയ് ഷായെ ഓര്‍മിപ്പിച്ചിരുന്നു. ദശലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതിനിധിയാണ് മന്ത്രി എന്നോര്‍ക്കണമെന്നും രാജ്യം നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ അറസ്റ്റ് തത്കാലത്തേക്ക് തടയുകയും ചെയ്തതു. എന്നാല്‍ അന്വേഷണത്തിന് തടയിട്ടിരുന്നില്ല.
തന്റെ പ്രസംഗത്തില്‍ സോഫിയ ഖുറേഷിയെ 'ഭീകരരുടെ സഹോദരി' എന്ന് മന്ത്രി വിളിച്ചിരുന്നു. ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തില്‍ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമര്‍ശം. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവരുടെ സഹോദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവര്‍ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെണ്‍മക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാ'ണെന്ന് വിജയ് ഷാ പറഞ്ഞിരുന്നു