ട്രെയിന്‍ ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേര്‍ത്ത് റെയില്‍വേ. ഓണ്‍ലൈന്‍ ടിക്കറ്റുകളിലാണ് മോദിയുടെ ചിത്രമുള്ളത്. ഓപ്പറേഷന്‍ സിന്ദൂറിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ളതാണ് ചിത്രം. സൈനികര്‍ക്കുള്ള ആദരമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. ''ഭീകരവാദം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരിന്റെ അഞ്ച് വര്‍ഷങ്ങള്‍' എന്നും ടിക്കറ്റില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം, വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മോദി സര്‍ക്കാര്‍ എത്രമാത്രം പരസ്യ ഭ്രമത്തിലാണെന്നതിന്റെ ഒരു ഉദാഹരണമാണിതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവായ പിയൂഷ് ബാബെലെ എക്സില്‍ കുറിച്ചു. ഐആര്‍സിടിസി ഇ-ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. റെയില്‍വേ ടിക്കറ്റുകളിലെ പരസ്യമായി അവര്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' ഉപയോഗിക്കുന്നു. സൈന്യത്തിന്റെ വീര്യം പോലും അവര്‍ ഒരു ഉല്‍പ്പന്നം പോലെ വില്‍ക്കുന്നു. ഇത് ദേശസ്നേഹമല്ല, വില പേശലാണെന്നും പിയൂഷ് ബാബെലെ കുറിച്ചു.
പാകിസ്താനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നടപ്പിലാക്കിയതുമുതല്‍, ഇന്ത്യന്‍ സായുധ സേനയുടെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പിയൂഷ് ബാബെലെ ആരോപിച്ചു.