യഥാര്‍ത്ഥ ജീവിതത്തിലെ കൊലപാതകം സിനിമയാകുന്നു. ഇന്‍ഡോറില്‍ നിന്നുള്ള വ്യവസായി രാജ രഘുവംശി മേഘാലയയിലെ ഹണിമൂണിനിടെ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍, അദ്ദേഹത്തിന്റെ കുടുംബം ആ കഥ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കിയിരിക്കുന്നു.
നിലവില്‍ 'ഹണിമൂണ്‍ ഇന്‍ ഷില്ലോങ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്.പി. നിംബാവത്താണ്. രാജയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍, പോലീസ് അന്വേഷണം, തുടര്‍ന്നുണ്ടായ ഭാര്യ സോനം, അവരുടെ കാമുകന്‍ എന്ന് ആരോപിക്കപ്പെടുന്ന രാജ് കുശ്വാഹ എന്നിവരുടെ അറസ്റ്റുകള്‍ തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കഥ.
യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം സിനിമയ്ക്ക് സമ്മതിച്ചതെന്ന് രാജയുടെ സഹോദരന്‍ സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'കൊലപാതക കേസ് സംബന്ധിച്ച വരാനിരിക്കുന്ന ചിത്രത്തിന് ഞങ്ങള്‍ സമ്മതം നല്‍കി. എന്റെ സഹോദരന്റെ കൊലപാതകത്തിന്റെ കഥ വലിയ സ്‌ക്രീനില്‍ കൊണ്ടുവന്നില്ലെങ്കില്‍, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ആളുകള്‍ക്ക് അറിയാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു
കുറ്റകൃത്യം നടന്ന മേഘാലയയുടെ യഥാര്‍ത്ഥവും നീതിയുക്തവുമായ ചിത്രം ഈ സിനിമയില്‍ കാണിക്കണമെന്ന് മറ്റൊരു സഹോദരന്‍ വിപിന്‍.
വഞ്ചനയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കഥയായിട്ടാണ് സംവിധായകന്‍ നിംബാവത് ഈ സിനിമയെ വിശേഷിപ്പിച്ചത്. ''ഇത്തരം വഞ്ചനാ സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാന്‍ ഞങ്ങളുടെ സിനിമയിലൂടെ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
തിരക്കഥ പൂര്‍ത്തിയായെന്നും, ചിത്രീകരണം പ്രധാനമായും ഇന്‍ഡോറിലും മറ്റു ചില രംഗങ്ങള്‍ മേഘാലയയിലെ വിവിധ സ്ഥലങ്ങളിലുമായിരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 'ചിത്രീകരണത്തിന്റെ 80 ശതമാനം ഇന്‍ഡോറിലും ബാക്കി 20 ശതമാനം മേഘാലയയുടെ വിവിധ പ്രദേശങ്ങളിലുമായിരിക്കും' എന്ന് നിംബാവത് പറഞ്ഞു. അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.