കുടുംബത്തിന്റെ സംരക്ഷണമില്ലാത്ത 500 മുതിര്‍ന്ന വയോധികര്‍ക്ക് താമസം, പരിചരണം, ചികിത്സ എന്നിവ ഉറപ്പാക്കി ഒരു വൃദ്ധസദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് നടനും സാമൂഹിക പ്രവര്‍ത്തകനുമായ സോനു സൂദ്. തന്റെ 52-ാം ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഈ പുതിയ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
വൃദ്ധസദനം വഴി, ആശ്രയമില്ലാത്തവര്‍ക്ക് സുരക്ഷിതവും മാന്യവുമായ ഒരന്തരീക്ഷം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. താമസസൗകര്യത്തിനു പുറമെ, വൈദ്യസഹായം, പോഷകസമൃദ്ധമായ ഭക്ഷണം, വൈകാരിക പിന്തുണ എന്നിവയും ഇവിടെ ഉറപ്പാക്കും. കോവിഡ് മഹാമാരിയുടെ സമയത്ത് കുടിയേറ്റ തൊഴിലാളികളെ സഹായിച്ചുകൊണ്ട് ശ്രദ്ധ നേടിയ സോനു സൂദ്, വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.