കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് എതിരെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ ആര്‍ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം സിസ്റ്റര്‍മാരെ മോചിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ രാജീവാണ് ആദ്യം പ്രതികരിച്ചത് എന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും വേണമെന്നും രാജീവ് തങ്ങളെ കാണാന്‍ വന്നതില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും ഇന്ത്യയിലെ പൗരന്മാര്‍ എന്നനിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ഇതും താന്‍ രാജീവിനെ അറിയിച്ചു. കുട്ടികളെ ജോലിക്ക് കൊണ്ടുപോയതാണ്. അവര്‍ പ്രായപൂര്‍ത്തിയായവരുമാണ്. വിഷയം പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിന് മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് പിതാവ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും കാര്യങ്ങള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അടക്കം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. അമിത് ഷായും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായി ഞങ്ങള്‍ കാണുന്നില്ല. ജനങ്ങള്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാല്‍ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഞങ്ങള്‍ സഹായിക്കുമെന്നും ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവ സെന്‍സിറ്റീവ് ആയ സംസ്ഥാനങ്ങളാണ് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.