മഞ്ചേരിയില്‍ ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരന്‍. പിഴ ഈടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പൊലീസുകാരന്‍ മര്‍ദ്ദിച്ചത്. ഡ്രൈവര്‍ ജാഫറിനാണ് മര്‍ദനമേറ്റത്.
മഞ്ചേരി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദ് ആണ് മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ മഞ്ചേരി ട്രാഫിക് സ്റ്റേഷനില്‍ നിന്നും മലപ്പുറം ആംഡ് ഫോഴ്സിലേക്ക് സ്ഥലം മാറ്റി.
ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കുന്നത്. കാനറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫര്‍. പരിശോധനയ്ക്കിടയില്‍ ഡ്രൈവര്‍ യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് 500 രൂപ പൊലീസ് പിഴ ഈടാക്കുകയായിരുന്നു. പിഴ തുക കുറച്ചുതരാമോ എന്ന് ഡ്രൈവര്‍ ചോദിച്ചതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനായ നൗഷാദ് ഡ്രൈവറെ മര്‍ദിച്ചത്.
ഡ്രൈവറിന്റെ മുഖത്ത് അടിക്കുന്നതിന്റെയും കഴുത്തിന് കുത്തിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ തൊട്ടടുത്ത് വാഹനത്തില്‍ വന്നവരാണ് പകര്‍ത്തിയത്. പരാതിയുമായി മുന്നോട്ട് പോകരുത് എന്ന് പറഞ്ഞ് ജാഫറിനെ പൊലീസുകാരന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരം.