അമേരിക്കയിലെ ഓഹിയോയുടെ പന്ത്രണ്ടാമത് സോളിസിറ്റര്‍ ജനറലായി നിയമിതയായ ഇന്ത്യന്‍ വംശജയായ മഥുര ശ്രീധരനെ ചൊല്ലി യുഎസില്‍ വിവാദം. 'യുഎസ് വംശജനല്ലാത്ത' ഒരാളെ എന്തിന് ഈ പദവിയിലേക്ക് തിരഞ്ഞെടുത്തു എന്ന് ചോദിച്ച് ഓണ്‍ലൈനിലടക്കം വലിയ പ്രതിഷേധം ഉയരുമ്പോള്‍ പലതും വംശീയ അധിക്ഷേപത്തിലേക്കാണ് നീങ്ങുന്നത്. ഇന്ത്യന്‍ വംശജയായ അഭിഭാഷക മഥുര ശ്രീധരനെ ഓഹിയോയുടെ 12-ാമത് സോളിസിറ്റര്‍ ജനറലായി നിയമിച്ചതായി അറ്റോര്‍ണി ജനറല്‍ ഡേവ് യോസ്റ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വംശീയ അധിക്ഷേപം ആരംഭിച്ചത്.
യുഎസ് സുപ്രീം കോടതി ഉള്‍പ്പെടെയുള്ള സംസ്ഥാന, ഫെഡറല്‍ അപ്പീല്‍ കോടതികള്‍ക്ക് മുമ്പാകെ പ്രധാനപ്പെട്ട കേസുകളില്‍ ഓഹിയോയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ മികച്ച അപ്പലേറ്റ് അഭിഭാഷകയായി മഥുര ശ്രീധരന്‍ പ്രവര്‍ത്തിക്കുമെന്ന് എജിയുടെ പ്രഖ്യാപനം ചിലരെ ചൊടിപ്പിച്ചു. നിയമനത്തിന് തൊട്ടുപിന്നാലെ, ശ്രീധരന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ വൈറലാവുകയും ഒരുകൂട്ടര്‍ അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു. മഥുര ശ്രീധരനെ ഓണ്‍ലൈനില്‍ ട്രോളിയവര്‍ക്ക് അവരുടെ പൊട്ടും ഇരുനിറവുമെല്ലാം അധിക്ഷേപിക്കാനുള്ള കാരണമായി. അവരുടെ നെറ്റിയിലെ കറുത്ത പൊട്ടു ചൂണ്ടിക്കാണിച്ചുകൊണ്ട് 'യുഎസ് അല്ലാത്ത' ഒരു വ്യക്തിയെ ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്നാണ് ചോദ്യം ചെയ്യല്‍.
എന്നാല്‍ ഓഹിയോ അറ്റോര്‍ണി ജനറല്‍ ഡേവ് യോസ്റ്റ് വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി രംഗത്തെത്തി. മഥുരയെ ഈ പദവിയിലേക്ക് നിയമിച്ച യോസ്റ്റ്, അവരെ അമേരിക്കക്കാരിയല്ലെന്ന് തെറ്റായി ചിത്രീകരിക്കുകയാണെന്ന് പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് യോസ്റ്റ് മഥുരയെ പ്രതിരോധിച്ച് രംഗത്തെത്തിയത്.
'ചില കമന്റുകളില്‍ മഥുര അമേരിക്കക്കാരിയല്ലെന്ന് തെറ്റായി പ്രചരിക്കുന്നു. അവര്‍ ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരനാണ്, ഒരു യുഎസ് പൗരനെയാണ് അവര്‍ വിവാഹം കഴിച്ചിരിക്കുന്നത്, കൂടാതെ പൗരത്വം നേടിയ യുഎസ് പൗരന്മാരുടെ മകളുമാണ്. 'അവരുടെ പേരോ നിറമോ നിങ്ങളെ അലട്ടുന്നുവെങ്കില്‍, പ്രശ്നം അവള്‍ക്കോ അവളെ നിയമനവുമായോ ബന്ധപ്പെട്ടല്ല.
'മഥുര അതിബുദ്ധിമതിയാണ്, സുപ്രീം കോര്‍ട്ട് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നടന്ന വാദത്തില്‍ അവര്‍ വിജയിച്ചുവെന്നും അവര്‍ക്ക് കീഴില്‍ ജോലി ചെയ്തിരുന്ന രണ്ട് സോളിസിറ്റര്‍ ജനറല്‍മാരും അവരെ ശുപാര്‍ശ ചെയ്തിരുന്നുവെന്നും ഡേവ് യോസ്റ്റ് കൂട്ടിച്ചേര്‍ത്തു. മഥുരയുടെ നിറവും പേരും പൊട്ടും പ്രശ്നമുള്ളവരുടെ ചിന്തയ്ക്കാണ് പ്രശ്നമെന്നും യോസ്റ്റ് പ്രതികരിച്ചിരുന്നു.