മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായം അഭ്യര്‍ത്ഥിച്ച് മക്കള്‍. ഇമ്രാന്‍ ഖാന്റെ മക്കളായ സുലൈമാന്‍ ഖാനും കാസിം ഖാനുമാണ് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പിതാവിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ട്രംപ് ആണെന്നും ഇരുവരും പറഞ്ഞു.
ലണ്ടനില്‍ കഴിയുന്ന സുലൈമാനും കാസിമും അടുത്തിടെയാണ് ഇമ്രാന്‍ ഖാനെക്കുറിച്ച് പരസ്യ പ്രസ്താവനകള്‍ നടത്തിത്തുടങ്ങിയത്. പിതാവിനെ കാണാനായി പാകിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അവിടെ എത്തിയാല്‍ നിലവിലെ സര്‍ക്കാര്‍ തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന വിവരമാണ് ലഭിക്കുന്നതെന്നും അഭിമുഖത്തില്‍ സുലൈമാനും കാസിമും പറയുന്നു.
ട്രംപിന് ഞങ്ങളുടെ പിതാവ് ഇമ്രാന്‍ ഖാനുമായി വളരെ നല്ല ബന്ധമുണ്ടെന്നും തിരിച്ചും അങ്ങനെ തന്നെയാണെന്നും തങ്ങള്‍ക്കറിയാമെന്നും ഇരുവരും പറഞ്ഞു. ഇരുവരും അധികാരത്തിലിരുന്നപ്പോള്‍, അവര്‍ക്കിടയില്‍ മികച്ച ബന്ധം നിലനിന്നിരുന്നു. അവര്‍ക്ക് പരസ്പരം ബഹുമാനമുണ്ടായിരുന്നെന്നും ഇമ്രാന്റെ മക്കള്‍ കൂട്ടിച്ചേര്‍ത്തു.