ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തിയ അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇക്കാര്യത്തില്‍ രാജ്യതാത്പര്യമാണ് വലുതെന്നും അവ സംരക്ഷിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കര്‍ഷകര്‍, സംരംഭകര്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവരുടെ വളര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അവരുടെ താത്പര്യം സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു.
'ഇന്ത്യയും അമേരിക്കയും ഇരു കൂട്ടര്‍ക്കും ഉപകാരപ്രദമായേക്കാവുന്ന ഒരു വ്യാപാരകരാറിലെത്താന്‍ മാസങ്ങളായി ചര്‍ച്ച നടത്തുകയാണ്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കര്‍ഷകര്‍, സംരംഭകര്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവരുടെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ഇന്ത്യ വലിയ പ്രധാന്യമാണ് നല്‍കുന്നത്. ബ്രിട്ടനുമായി ഏര്‍പ്പെട്ട 'സമൂല സാമ്പത്തിക വ്യവസായ കരാറി'ല്‍ എന്നതുപോലെ ഇക്കാര്യത്തിലും രാജ്യതാത്പര്യം സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും', എന്നായിരുന്നു ഇന്ത്യയുടെ മറുപടി.
ഇന്ത്യയും അമേരിക്കയും തമ്മില്‍ മാസങ്ങളായി വ്യാപാരകരാറില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചര്‍ച്ചകളിലാണ് നിലവില്‍ പുരോഗതിയില്ലാത്തത്. ഇതോടെ കഴിഞ്ഞ ദിവസം ട്രംപ് ഇന്ത്യക്ക് 25% താരിഫ് ചുമത്തിയിരുന്നു. അധിക പിഴയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
വര്‍ഷങ്ങളായി വ്യാപാര ബന്ധം തുടരുന്നുണ്ടെങ്കിലും ഈയിടെയായി ഇന്ത്യയുമായി താരതമ്യേന ചെറിയ ബിസിനസ്സ് മാത്രമേ യുഎസ് ചെയ്തിട്ടുള്ളൂ. കാരണം, ഇന്ത്യയുടെ താരിഫുകള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണെന്ന് കുറ്റപ്പെടുത്തിയ പ്രസിഡന്റ് ഇന്ത്യ നമ്മുടെ സുഹൃത്താണെന്നും കുറിച്ചിരുന്നു.
ഓഗസ്റ്റ് പകുതിയോടെ അമേരിക്കന്‍ സംഘം ഇന്ത്യയിലെത്തുന്നുണ്ട്. അപ്പോള്‍ കരാറില്‍ ഒരു ധാരണയിലെത്താമെന്നാണ് ഇരുഭാഗത്തിന്റെയും കണക്കുകൂട്ടല്‍. ഇന്ത്യയും അമേരിക്കയും തമ്മില്‍ അഞ്ച് തവണയോളം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഇരു ഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒരു കരാര്‍ ഉണ്ടാകേണ്ടതാണ് അന്തിമ തീരുമാനം വൈകാന്‍ കാരണമെന്നാണ് വിവരം.