എഴുപതിലധികം രാജ്യങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 41ശതമാനം വരെ പരസ്പര തീരുവ ചുമത്തി അമേരിക്ക. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത് 25 ശതമാനം അധിക നികുതിയാണ്. വ്യാപാര രീതികളിലെ ദീര്‍ഘകാല അസന്തുലിതാവസ്ഥയുടെ ഭാഗമായാണ് താരിഫ് ചുമത്തുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
കാനഡയ്ക്ക് മേല്‍ ചുമത്തിയിരുന്ന താരിഫ് നിരക്ക് 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നിയമവിരുദ്ധ മയക്കുമരുന്ന് പ്രതിസന്ധിയില്‍ നടപടിയെടുക്കുന്നതില്‍ കാനഡ പരാജയപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് താരിഫ് നിരക്ക് ഉയര്‍ത്തിയതെന്നാണ് വിശദീകരണം.
നേരത്തെ ഓഗസ്റ്റ് 1ന് മുമ്പ് വ്യാപാര കരാറുകള്‍ അന്തിമമാക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരവില്‍ ഒപ്പുവെച്ച് ഏഴ് ദിവസത്തിന് ശേഷം പുതിയ താരിഫ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് 7ന് മുമ്പ് കപ്പലുകളില്‍ കയറ്റുകയും ഒക്ടോബര്‍ 5-നകം അമേരിക്കിയില്‍ എത്തുകയും ചെയ്യുന്ന സാധനങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാകില്ല. എന്നാല്‍ കനേഡിയന്‍ ഇറക്കുമതികള്‍ക്ക് ചുമത്തിയിരിക്കുന്ന 35 ശതമാനം താരിഫ് ഓഗസ്റ്റ് 1-ന് തന്നെ പ്രാബല്യത്തില്‍ വരും.