ഇന്ത്യയ്ക്ക് 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് അമേരിക്ക. താരിഫുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഉണ്ടാകില്ലെന്ന് ട്രംപ് മറുപടി പറഞ്ഞതായാണ് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യയുമായി വ്യാപാരം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് രണ്ടാമത്തെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്ന നേരത്തെയുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ട്രംപ് നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക നികുതിയ്ക്ക് പുറമെ 25 ശതമാനം നികുതി കൂടി ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തവില്‍ ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചത്. റഷ്യയുമായി വ്യാപാരം നടത്തുന്നത് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയ്ക്കെതിരെ ട്രംപ് ഭരണകൂടം വീണ്ടും നികുതി ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 27 മുതല്‍ ഇന്ത്യയ്ക്ക് മേല്‍ പുതിയതായി ചുമത്തിയ അധിക നികുതി പ്രാബല്യത്തില്‍ വരും.
മാന്യമല്ലാത്ത, നീതികരിക്കാനാവാത്ത, കാരണമില്ലാത്ത നീക്കം എന്നായിരുന്നു പുതിയതായി അധിക നികുതി ചുമത്തിയതിനെതിരെ ഇന്ത്യയുടെ പ്രതികരണം. രാജ്യ താല്‍പര്യം സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി ട്രംപ് പുതിയതായി അധിക തീരുവ ചുമത്തി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചു.