ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ തന്നെ അറുതി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര രോഷം വര്‍ധിക്കുന്നതിനാല്‍ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. വിശപ്പിനും മറ്റ് പ്രശ്നങ്ങള്‍ക്കുമിടയില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം നാസ്സര്‍ ആശുപത്രിയില്‍ നടന്ന, അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെ ട്രംപ് അപലപിച്ചിരുന്നു. സംഭവത്തില്‍ താന്‍ സന്തോഷവാനല്ലെന്നും ഈ പേടി സ്വപ്നം മുഴുവന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. ഗാസയില്‍ അവശേഷിക്കുന്ന ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള തന്റെ ശ്രമത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയിലും ആക്രമണങ്ങള്‍ നടന്നിരുന്നു. അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടര്‍ മറിയും അബു ദഗ്ഗ, അല്‍ ജസീറയുടെ മുഹമ്മദ് സലാമ, റോയിട്ടേഴ്സ് ക്യാമറാമാന്‍ ഹുസം അല്‍ മസ്റി, മുവാസ് അബു താഹ, അഹ്‌മദ് അബു അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. ആക്രമണത്തില്‍ റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ ഹത്തം ഖലീദിന് പരിക്കേറ്റിട്ടുണ്ട്.