കഴിഞ്ഞ ഒരാഴ്ചക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 4 തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായും നാല് തവണയും കോളുകള്‍ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ട്. ജര്‍മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ജെമൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാപാര തര്‍ക്കം രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ കോളുകള്‍ മോദി നിരസിച്ചതെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം അധിക തീരുവ ചുമത്തിയ ഘട്ടത്തിലാണ് ട്രംപ് -മോദി സൗഹൃദം ഉലയുന്നതായ വിവരങ്ങളും പുറത്തുവരുന്നത്. ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ഇന്നു രാവിലെ മുതല്‍ നിലവില്‍ വരികയാണ്.
കഴിഞ്ഞ നാല് മാസത്തിനിടെ ട്രംപ് ഡസന്‍ കണക്കിന് തവണ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാധ്യമായ ആണവയുദ്ധം വ്യാപാരം ഉപയോഗിച്ച് നിര്‍ത്തിയതായി അവകാശപ്പെട്ടിട്ടുണ്ട്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടാനുള്ള വ്യാമോഹപരമായ ശ്രമമായി ഇപ്പോള്‍ പല അമേരിക്കന്‍ വിശകലന വിദഗ്ധരും ട്രംപിന്റെ അവകാശ വാദങ്ങളെ വിലയിരുത്തപ്പെടുന്നു. കാനഡയില്‍ നടന്ന ജി-20 യോഗത്തിന് ശേഷം ജൂണ്‍ അവസാനം വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാനുള്ള ട്രംപിന്റെ അപ്രതീക്ഷിത ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ജൂണ്‍ 17 നാണ് അവസാനമായി നരേന്ദ്ര മോദിയും ട്രംപും ഫോണില്‍ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് സൂചന. ട്രംപിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മോദി ഫോണില്‍ സംസാരിച്ചതെന്ന് അന്ന് തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം 35 മിനിറ്റ് നേരം ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ സംഭാഷണമായതിനാല്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചാണ് മോദി അന്ന് ട്രംപുമായി സംസാരിച്ചത്.
എന്നാല്‍, കോളുകള്‍ നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വാഷിംഗ്ടണിലെ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു, എന്നാല്‍ ഫോണിലൂടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പ്രധാനമന്ത്രി മോദിയുടെ രീതിയല്ലെന്ന് ഒരു പ്രധാന ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ പറയുന്നു. സംഭാഷണത്തിന്റെ ഫലം തെറ്റായി ചിത്രീകരിക്കപ്പെടാതിരിക്കാന്‍ മോദി കോളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.