ഹമാസ്- ഇസ്രയേല്‍ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്നലെ ഗാസയില്‍ വ്യാപകമായി ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഗാസയിലുടനീളം നടത്തിയ വ്യോമാക്രമണത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടു. അതേസമയവും 2023 ഒക്ടോബര്‍ 7 ന് വടക്കന്‍ ഇസ്രയേലില്‍ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും അനുസ്മരിക്കപ്പെട്ടവരെയും ഓര്‍മിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്മരണ ചടങ്ങുകള്‍ നടത്തി.
കൊല്ലപ്പെട്ടവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും അവരുടെ ചിത്രങ്ങള്‍ ഉള്ള പ്ലക്കാഡുകളുമായി വിവിധ സ്ഥലങ്ങളില്‍ ഒത്തുകൂടി. ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇത്തരം ആക്രമണങ്ങള്‍ തടയുമെന്നും, ഇസ്രായേല്‍ സായുധ സേന രാജ്യത്തിന്റെ സുരക്ഷക്കായി പ്രവര്‍ത്തിക്കുകയാണെന്നും ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ, ഹിസ്ബുള്ള തൊടുത്തുവിട്ട 100 ലധികം റോക്കറ്റുകളും യെമനിലെ ഹൂതികളും ഗാസയിലെ ഹമാസും വിക്ഷേപിച്ച പ്രൊജക്ടൈലുകളും തടഞ്ഞതായി ഇസ്രയേല്‍ അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ 42000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 34,000ലധികം പേരുടെ പേര് വിവരങ്ങള്‍ സ്ഥിരീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 97,303 പേര്‍ക്ക് പരിക്കേറ്റു. ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍- പാലസ്തീന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 മുതല്‍ 17,000 കുട്ടികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ ഇന്നലെ ലെബനനിലും ശക്തമായ ആക്രമണം അഴിച്ച് വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ഹിസ്ബുള്ളയും, സായുധ സംഘത്തിന്റെ പ്രധാന സൈറ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേലും അവകാശപ്പെട്ടു. ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുള്ള ഇസ്രായേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തെ മിസൈലുകള്‍ ഉപയോഗിച്ച് ലക്ഷ്യം വച്ചതായാണ് ഹിസ്ബുള്ള അറിയിച്ചത്.
ഇസ്രയേലി തുറമുഖ നഗരമായ ഹൈഫയിലും മധ്യ നഗരമായ ടെല്‍ അവീവിനു സമീപമുള്ള സൈനിക താവളത്തിലും മിസൈല്‍ ആക്രമണം നടത്തിയതായാണ് അവകാശവാദം. യെമനിലെ ഹൂതികളും നഗരത്തിലെ രണ്ട് സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈല്‍ തൊടുത്തതായി അവകാശപ്പെട്ടു. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ലെബനനിലെ മറ്റ് സ്ഥലങ്ങളിലും ഇസ്രായേല്‍ സൈന്യം തിങ്കളാഴ്ചയും ബോംബാക്രമണം തുടര്‍ന്നു. ആവാലി നദിയുടെ തെക്ക് ഭാഗത്തുള്ള തീരപ്രദേശത്തുള്ളവര്‍ക്ക് പലായനം ചെയ്യാനുള്ള നിര്‍ദേശവും ഇസ്രയേല്‍ സൈന്യം നല്‍കിയിട്ടുണ്ട്.