ഫ്രാന്‍സില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ നേത്രേദാം പള്ളി ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി, ബ്രിട്ടണിലെ വില്യം രാജകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീപിടിത്തത്തില്‍ നശിച്ച ഭാഗങ്ങളെല്ലാം പുനര്‍ നിര്‍മിച്ച പള്ളി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.
ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലില്‍ 2019 ഏപ്രില്‍ 15നാണ് വന്‍ തീപിടിത്തമുണ്ടായത്. 850 വര്‍ഷം പഴക്കമുള്ള കത്തീഡ്രലിലെ അഗ്‌നിബാധ 15 മണിക്കൂറെടുത്തായിരുന്നു നിയന്ത്രണവിധേയമാക്കിയത്. കത്തീഡ്രലിന്റെ മേല്‍ക്കൂര കത്തിപ്പോയിരുന്നു. സ്തൂപിക ഒടിഞ്ഞുവീണു. പ്രസിദ്ധമായ ഗോപുരങ്ങള്‍ക്ക് പക്ഷേ കുഴപ്പം പറ്റിയിരുന്നില്ല. കത്തീഡ്രലില്‍ നടന്നുവന്ന പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം.
യേശുക്രിസ്തുവിനെ കുരിശിലേറ്റുന്ന സമയത്ത് ധരിച്ചതെന്ന് പറയപ്പെടുന്ന മുള്‍ക്കിരീടം ഉള്‍പ്പടെയുള്ള വിലയേറിയ ശേഖരങ്ങള്‍ക്ക് കേടുപാടൊന്നും പറ്റിയില്ലെന്ന് പിന്നീട് അധികൃതര്‍ അറിയിച്ചിരുന്നു. 1163 ല്‍ നിര്‍മ്മാണം തുടങ്ങി കത്തീഡ്രല്‍ പൂര്‍ത്തിയാക്കിയത് 1345 ലാണ്.
നെപ്പോളിയന്റെ കിരീടധാരണമടക്കം നടന്നിട്ടുള്ള നോത്രാദാം ഫ്രാന്‍സിന്റെ അഭിമാനമാണ്. ഫ്രഞ്ച് വിപ്ലവത്തേയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച കത്തീഡ്രല്‍ അതേ പ്രതാപത്തോടെ പുനര്‍നിര്‍മ്മിക്കുമെന്ന് അന്ന് തന്നെ ഉറപ്പുല്‍കിയിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍.