പാലക്കാട് വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ ഗോവയില്‍ നിന്ന് കണ്ടെത്തിയത്. ആറ് ദിവസം മുന്‍പാണ് കുട്ടിയെ പാലക്കാട് നിന്ന് കാണാതായത്. നേരത്തെ പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കുട്ടി യാത്ര ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്കൊപ്പം യാത്ര ചെയ്തെന്ന് സംശയിച്ച വ്യക്തിയുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല. നിലവില്‍ ഗോവ പൊലീസിന്റെ സംരക്ഷണയിലാണ് കുട്ടി. ഡിസംബര്‍ 30ന് ആയിരുന്നു കുട്ടിയെ കാണാതായത്.
വീട്ടില്‍ നിന്ന് ട്യൂഷന് പോയി, ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് സഹപാഠികളോട് പറഞ്ഞ ശേഷമാണ് കാണാതാകുന്നത്. കൂട്ടുകാര്‍ക്ക് മുന്നില്‍ വച്ചാണ് കുട്ടി വസ്ത്രം മാറ്റി യാത്ര തിരിച്ചത്. മുഖം ഉള്‍പ്പെടെ മറച്ച് ബുര്‍ഖ ധരിച്ചാണ് കുട്ടി നാട് വിട്ടത്. പെണ്‍കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ മാതാപിതാക്കളെ വിവരം ധരിപ്പിച്ചു.
ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം മുന്നോട്ടുപോകുന്നതില്‍ കുട്ടിയുടെ വസ്ത്രവും പൊലീസിന് വെല്ലുവിളിയായി.