തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ചെന്ന് പരാതി. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്‌കൂളിനെതിരെ പരാതി നല്‍കിയത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.
തുടര്‍ച്ചയായി രണ്ട് ദിവസം പട്ടികജാതിക്കാരിയായ കുട്ടിയെ സ്റ്റെപ്പില്‍ ഇരുത്തി പരീക്ഷ എഴുതിച്ചെന്നാണ് പരാതി. കോയമ്പത്തൂര്‍ സെന്‍ഗുട്ടയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ സ്‌കൂളില്‍ എത്തിയപ്പോഴാണ് മകള്‍ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്. ആര്‍ത്തവമായതിനാല്‍ പ്രിന്‍സിപ്പാലാണ് തന്നെ പുറത്താക്കിയതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ പ്രവൃത്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ കുട്ടിയെ ഒറ്റയ്ക്കിരുത്തി പരീക്ഷയെഴുതിക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടതായാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം സംഭവത്തില്‍ പൊള്ളാച്ചി എ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.