നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമ. സിനിമാരംഗത്തുള്ളവരും പ്രേക്ഷകരുമെല്ലാം നടന്റെ വിയോഗത്തില്‍ അനുശോചനമറിയിക്കുന്നുണ്ട്. നടന്‍ ജയറാമും നവാസിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. 'പ്രിയ സുഹൃത്തേ... ഒരുപാട് വേദനിക്കുന്ന വേര്‍പാട്. പ്രണാമം' എന്നാണ് ജയറാം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. നവാസിനൊപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലായിരുന്നു ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടന്‍.