ഇസ്രയേല്‍ ഉപരോധത്തില്‍ കൊടുംപട്ടിണിയിലായ ഗാസയിലേക്ക് ബോട്ടിലുകളില്‍ പ്രതീകാത്മകമായി ഭക്ഷ്യധാന്യങ്ങളയച്ച് ഈജിപ്ഷ്യന്‍ ജനത. 'കടലില്‍ നിന്ന് കടലിലേക്ക്- ഗാസയ്ക്കായി പ്രതീക്ഷയുടെ ഒരു കുപ്പി' എന്ന പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചാണ് ഭക്ഷ്യവസ്തുക്കളടങ്ങിയ കുപ്പികള്‍ കടലിലേക്ക് എറിഞ്ഞത്. ഗാസയിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍ അരിയും ധാന്യങ്ങളും പയറും മറ്റ് ഉണക്കിയ ഭക്ഷ്യവസ്തുക്കളുമാണ് ഒരുലിറ്ററിന്റെയും രണ്ട് ലിറ്ററിന്റെയും കുപ്പികളില്‍ നിറച്ച് മെഡിറ്ററേനിയന്‍ കടലിലേക്ക് ഈജിപ്റ്റുകാര്‍ ഒഴുക്കിവിടുന്നത് . അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രയേല്‍ ഉപരോധം ഗാസയെ പട്ടിണിയിലാക്കുന്നതിലുള്ള പ്രതിഷേധ സൂചകമായാണ് കുപ്പികള്‍ കടലിലേക്ക് എറിഞ്ഞതെന്ന് ക്യാംപെയ്നില്‍ പങ്കെടുത്തയാളുകള്‍ പറഞ്ഞു. ലിബിയ, ടുണീഷ്യ, അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ മെഡിറ്ററേറിനയന്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ ജനങ്ങളോടും ക്യാംപെയ്നില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കുട്ടികളുള്‍പ്പെടെ ഗാസയിലെ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങള്‍ക്കായി ഭക്ഷ്യധാന്യങ്ങള്‍ കുപ്പികളില്‍ നിറയ്ക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.