ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബന്ധുക്കള്‍ വഴിയരികില്‍ ഉപേക്ഷിച്ച വയോധിക മരിച്ചു. വ്യാഴാഴ്ച്ച രാത്രിയാണ് അയോധ്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കിഷുന്ദ്പൂര്‍ പ്രദേശത്തെ റോഡരികില്‍ ഒരു വയോധികയെ ബോധരഹിതയായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ തണുത്തുവിറങ്ങലിച്ച് ആകെ അവശനിലയിലാണ വൃദ്ധയെ നാട്ടുകാര്‍ കണ്ടെത്തുന്നത്. രോഗിയായ വൃദ്ധയെ ബന്ധുക്കള്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് സ്ത്രീകളും ഒരു ഓട്ടോറിക്ഷ ഡ്രൈവറും ചേര്‍ന്നാണ് വൃദ്ധയെ വഴിയില്‍ കിടത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.