CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 30 Seconds Ago
Breaking Now

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; നീതിപൂര്‍ണ്ണമായ ഇടപെടല്‍ വേണമെന്നതാണ് ബിജെപിയുടെ ലക്ഷ്യം: അനൂപ് ആന്റണി

സഭാ നേതൃത്വങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നീതിപൂര്‍ണ്ണമായ ഇടപെടല്‍ വേണമെന്നതാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. ഛത്തീസ്ഗഡിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത തലങ്ങളിലെല്ലാം ബിജെപി സംസ്ഥാന നേതൃത്വം ബന്ധപ്പെടുന്നുണ്ട്. ഛത്തീസ്ഗഡില്‍ മറ്റൊരു സാഹചര്യമാണ്. നീതിപൂര്‍ണ്ണമായ ഇടപെടല്‍ ഉറപ്പുവരുത്താനാണ് എത്തിയത്. അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എല്ലാ നിലയ്ക്കും നീതി ഉറപ്പാക്കാന്‍ ബിജെപി ശ്രമിക്കും. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയെ ആദ്യം തന്നെ കാണും. സഭാ നേതൃത്വങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണ്. എന്താണ് വസ്തുതയെന്നതില്‍ അന്വേഷണം പുരോഗമിക്കട്ടെ. എല്ലാരീതിയിലും നീതി ഉറപ്പാക്കുകയാണ് വേണ്ടത്. അതിന് ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരമാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി രാവിലെ ഛത്തീസ്ഗഡിലെത്തിയത്. ഛത്തീസ്ഗഡ് സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സഭാനേതൃത്വവുമായി അനൂപ് ആന്റണി ചര്‍ച്ച നടത്തിയേക്കും.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍.

റെയില്‍വെ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.