ഇന്ത്യയോട് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഒരു ലോകനേതാവും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍. ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടര്‍ന്നാണ് എന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തളളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. പാകിസ്ഥാനില്‍ നിന്ന് കനത്ത ആക്രമണമുണ്ടാവുമെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍ പാകിസ്ഥാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് അവര്‍ക്ക് ഇന്ത്യ നല്‍കിയ മറുപടിയെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ ശക്തി ലോകം കണ്ടു. ഇന്ത്യന്‍ ആയുധങ്ങള്‍ പാക് ആയുധങ്ങളുടെ ശേഷിയെ തുറന്നു കാട്ടിയെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും പാകിസ്ഥാന്റെ അണവ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കില്ലെന്ന് നാം തെളിയിച്ചുവെന്നും മോദി പറഞ്ഞു.
പാക് വ്യോമസേനാ താവളങ്ങള്‍ ഇപ്പോഴും ഐസിയുവിലാണ്. എപ്പോള്‍, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാന്‍ പൂര്‍ണ സ്വാതന്ത്യം നല്‍കി. പാകിസ്ഥാന്റെ ആണവ വെല്ലുവിളി വെറുതെയാണെന്നും, ഇനി അത്തരം ഭീഷണി നടക്കില്ലെന്നും ഇന്ത്യ തെളിയിച്ചു. സംഘര്‍ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും രാജ്യം ഉപയോഗിച്ചു. ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞു. ഇന്ത്യന്‍ നിര്‍മിത ഡ്രോണുകളും മിസൈലുകളും പാകിസ്ഥാന് വലിയ നഷ്ടമുണ്ടാക്കി. നമുക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തോട് കോണ്‍ഗ്രസിന് വിരോധമാണെന്നും രാജ്യം ഇപ്പോള്‍ കോണ്‍ഗ്രസിനെ നോക്കി ചിരിക്കുകയാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
ഇന്ത്യന്‍ സര്‍ക്കാരിനേക്കാള്‍ പാകിസ്താനെയാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് പാടുന്നത് പാകിസ്താന്റെ ഈണത്തിലാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് രാജ്യത്തിലും സൈന്യത്തിലും വിശ്വാസമില്ലാത്തതിനാലാണ്. മിന്നലാക്രമണത്തില്‍ കോണ്‍ഗ്രസ് സൈന്യത്തോട് തെളിവ് ചോദിച്ചു. ബാലാകോട്ട് വ്യോമാക്രമണത്തില്‍ കോണ്‍ഗ്രസ് തെളിവായി ഫോട്ടോ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചില്ല. ബിഎസ്എഫ് ജവാന്‍ പാകിസ്താന്റെ പിടിയിലായപ്പോള്‍ ചിലര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.