വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ ലോക്സഭയിലെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വന്തം രാജ്യത്തെ വിദേശകാര്യമന്ത്രിയെ നിങ്ങള്‍ക്ക് വിശ്വാസമില്ലെന്നും പാര്‍ട്ടിയിലെ മറ്റ് ചില വിദേശ വ്യക്തികളുടെ താത്പര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്നും അമിത് ഷാ ആഞ്ഞടിച്ചു. ഇതുകൊണ്ടാണ് നിങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്നത് എന്നും അടുത്ത 20 വര്‍ഷവും നിങ്ങള്‍ അവിടെത്തന്നെ ആയിരിക്കുമെന്നും അമിത് ഷാ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച നടന്നിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ മറുഭാഗത്ത് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിനിടെ ജയ്ശങ്കറിനോട് ഇരിക്കാന്‍ ആവശ്യപ്പെട്ട് അമിത് ഷാ എഴുന്നേറ്റു. തുടര്‍ന്ന് പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ' അവര്‍ക്ക് സ്വന്തം വിദേശകാര്യമന്ത്രിയെ വിശ്വാസമില്ല. അവരുടെ പാര്‍ട്ടിയിലെ ചില വിദേശ പൗരന്മാരുടെ താത്പര്യം എന്താണെന്ന് എനിക്കറിയാം. എന്നാല്‍ അത് ലോക്സഭയില്‍ അടിച്ചേല്‍പ്പിക്കരുത്', അമിത് ഷാ പറഞ്ഞു. തുടര്‍ന്ന് ഈ സ്വഭാവം കൊണ്ടാണ് അവര്‍ പ്രതിപക്ഷത്തിരിക്കുന്നത് എന്നും അടുത്ത 20 വര്‍ഷവും അവിടെത്തന്നെയാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ വലിയ ബഹളമാണ് സഭയില്‍ ഉണ്ടായത്. ഇതിനിടെ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാദത്തിലും ജയ്ശങ്കര്‍ വ്യക്തത വരുത്തിയിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ സമയത്തോ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച സമയത്തോ, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തോ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ല. ജെ ഡി വാന്‍സുമായി സംസാരിച്ചിരുന്നുവെങ്കിലും വെടിനിര്‍ത്തലിനെ സംബന്ധിച്ചോ, അവര്‍ വാദിക്കുന്നത് പോലെ വ്യാപര ചര്‍ച്ചകളോ നടന്നിരുന്നില്ല എന്നുമാണ് ജയ്ശങ്കര്‍ വ്യക്തമാക്കിയത്.