ഡോക്ടര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് സമയബന്ധിതമായി ചികിത്സ ലഭിക്കാതെ രോഗി മരിച്ചുവെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, മീററ്റിലെ ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വാര്‍ഡിനുള്ളില്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ മേശപ്പുറത്ത് കാലെടുത്ത് വെച്ച് ഉറങ്ങുന്നതും, സമീപത്ത് രക്തത്തില്‍ കുളിച്ച് ഒരു പരിക്കേറ്റ രോഗി സ്‌ട്രെച്ചറില്‍ അനാഥനായി കിടക്കുന്നതും കാണാം.
ജൂലൈ 27 രാത്രി വൈകി നടന്ന സംഭവം വന്‍ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.
ഹസന്‍പൂര്‍ ഗ്രാമവാസിയായ സുനില്‍ ആണ് മരിച്ച രോഗി.റോഡ് കുറുകെ കടക്കുമ്പോള്‍ ഒരു അജ്ഞാത വാഹനം ഇടിച്ചതിനെ തുടര്‍ന്നാണ് സുനിലിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍തന്നെ അദ്ദേഹത്തെ എല്‍എല്‍ആര്‍എം മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉറങ്ങിയതിനാല്‍ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിക്കപ്പെടുന്നു.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരായ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോ. ഭൂപേഷ് കുമാര്‍ റായിയെയും ഡോ. അനികേതിനെയും സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ ഡോ. ആര്‍ സി ഗുപ്ത സ്ഥിരീകരിച്ചു. സംഭവത്തില്‍ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോ. ഗുപ്ത പറഞ്ഞു.