ഭാര്യയുടെ ആഡംബര ജീവിതത്താല്‍ പൊറുതിമുട്ടി മോഷണത്തിനിറങ്ങി യുവാവ്. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദധാരിയായ യുവാവാണ് വിവാഹിതനായി ദിവസങ്ങള്‍ക്കുള്ളില്‍ ജോലി ഉപേക്ഷിച്ച് മോഷണത്തിലേക്ക് തിരിഞ്ഞത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പ്രതിയായ ജാംവരാംഗഡ് സ്വദേശി തരുണ്‍ പരീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള പണം കണ്ടെത്താനായാണ് താന്‍ മോഷണത്തിനിറങ്ങിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
പ്രാഥമിക അന്വേഷണത്തില്‍ ഭാര്യ പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി യുവാവിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സമ്മര്‍ദ്ദത്തിന് വഴങ്ങിയ തരുണ്‍ സ്വകാര്യ കമ്പനിയിലെ എക്‌സിക്യൂട്ടീവ് ജോലി ഉപേക്ഷിച്ച് ഭാര്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മോഷണത്തിന് ഇറങ്ങുകയായിരുന്നു.
ഒരുമാസം മുന്‍പായിരുന്നു തരുണിന്റെ വിവാഹം. വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പണം തന്റെ ജോലിയില്‍നിന്ന് ലഭിച്ചിരുന്നില്ല. ഏറെ പണച്ചെലവുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ഭാര്യ തരുണിനോട് പറഞ്ഞിരുന്നത്. ഇതോടെയാണ് ജോലിവിട്ടത്. പട്ടാപ്പകല്‍ ജയ്പൂരിലെ ട്രാന്‍സ്പോര്‍ട്ട് നഗര്‍ മേഖലയില്‍വെച്ച് വയോധികയുടെ മാലപൊട്ടിച്ച കേസിലാണ് പൊലീസ് തരുണിനെ അറസ്റ്റ് ചെയ്തത്.
ജയ്പൂരിലെത്തി മോഷണം നടത്തിയ ശേഷം തിരികെ ഗ്രാമത്തിലേക്ക് മടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. വയോധികയുടെ മാലപൊട്ടിച്ച കേസില്‍ വിവിധ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ ജയ്പൂരിലേക്കും തിരിച്ചും യാത്രനടത്തുന്നുണ്ടെന്നും വ്യക്തമായി. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍, ഗ്രാമത്തിനും നഗരത്തിനുമിടയിലുള്ള തരുണിന്റെ നീക്കങ്ങള്‍ പൊലീസ് ട്രാക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. തരുണ്‍ എത്ര കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്, മറ്റ് കൂട്ടാളികള്‍ ഉണ്ടോ എന്നതുള്‍പ്പെടെ അറിയാന്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ഭാര്യക്ക് അറിയാമായിരുന്നോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.