കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലെ ദുരൂഹ മരണങ്ങളില്‍ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം. നേത്രാവതി പുഴയോരത്ത് 39 വര്‍ഷം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയ അന്ന് വിദ്യാര്‍ത്ഥിനിയായിരുന്ന പത്മലതയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്ന പത്മലതയെ കാണാതായി 53 ദിവസത്തിന് ശേഷമാണ് നേത്രാവതി പുഴയില്‍ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്.
കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാല്‍ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു. അതേസമയം ധര്‍മസ്ഥല കേസില്‍ നടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളി പോലീസില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നിരുന്നു. കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയല്‍ സംസ്ഥാനത്ത് 11 വര്‍ഷമായി ഒളിവില്‍ കഴിയേണ്ടി വന്നു. ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നു. സത്യം തെളിയിക്കാന്‍ പോളിഗ്രാഫ് പരിശോധനയ്ക്ക് തയ്യാറാണെന്നും ശുചീകരണത്തൊഴിലാളി പോലീസില്‍ നല്‍കിയ മൊഴിയില്‍ ഉണ്ട്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം നിരവധി പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തല്‍. നിരവധി കൊലപാതകങ്ങള്‍ താന്‍ നേരില്‍ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകള്‍ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാള്‍ പറഞ്ഞു.