കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്ന് ഏഴര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോയെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. അഞ്ച് വര്‍ഷത്തിനിടെ 30 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പോയത്. ലോക്‌സഭയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറാണ് പിസി മോഹന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ കണക്ക് പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം കേന്ദ്ര സഹമന്ത്രി വെളിപ്പെടുത്തിയത്. അതേസമയം 2023 നെ അപേക്ഷിച്ച് 2024 ല്‍ വിദേശത്തേക്ക് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായി. എങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് 2024 ല്‍ ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് നിന്ന് വിദേശത്തേക്ക് പോയ വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. 2020ല്‍ 2.6 ലക്ഷം, 2021 ല്‍ 4.45 ലക്ഷം 2022 ല്‍ 7.52 ലക്ഷം, 2023 ല്‍ 8.9 ലക്ഷവുമാണ് വിദേശത്തേക്ക് പഠനം ലക്ഷ്യമിട്ട് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം. 2024 ല്‍ 7.6 ലക്ഷം വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പോയത്. അതായത്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയതില്‍ രണ്ടാമതാണ് 2024 ലെ എണ്ണം.
വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിസ നടപടികള്‍ക്ക് പിന്തുണ, അക്കാദമിക് അംഗീകാരം ഉറപ്പാക്കുന്നു, മറ്റ് രാജ്യങ്ങളുമായി വിദ്യാഭ്യാസ വിഷയത്തില്‍ ഉഭയകക്ഷി കരാറുകളില്‍ ഒപ്പിടുന്നതും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള യാത്ര സുഗമമാക്കാന്‍ മൈഗ്രേഷന്‍, മൊബിലിറ്റി പങ്കാളിത്ത കരാറുകളിലും ഒപ്പുവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.