നടന്‍ വിജയ്ക്കെതിരെ കേസ്. തമിഴക വെട്രി കഴകം (ടിവികെ) യോഗത്തില്‍ പങ്കെടുത്ത യുവാവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിജയ് നടക്കുന്നതിനിടെ റാംപിലെത്തിയ യുവാവിനെ തള്ളിയിട്ടെന്ന പരാതിയിലാണ് കേസെടുത്തത്. ശരത് കുമാര്‍ എന്ന യുവാവാണ് പരാതിക്കാരന്‍. ശരത് കുമാറിനെ വിജയ്യുടെ കൂടെയുള്ളവര്‍ തൂക്കിയെറിഞ്ഞുവെന്നാണ് പരാതി.
വിജയ്യെ കൂടാതെ ബൗണ്‍സര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ മാസം 21ന് മധുരയിലെ പരപതിയില്‍ വെച്ച് നടന്ന രണ്ടാമത് ടിവികെയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സംഭവം. ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. സമ്മേളനം നടക്കുന്ന വേദിക്ക് മുമ്പിലായി വലിയ റാംപ് സെറ്റ് സജ്ജമാക്കിയിരുന്നു.
ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ വിജയ് ഈ റാംപിലൂടെ നടക്കവേ ചില അണികള്‍ റാംപിലേക്ക് കയറാന്‍ ശ്രമിക്കുകയും ബൗണ്‍സര്‍മാര്‍ ഇവരെ തള്ളിയിടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെ ശരത് കുമാറും അമ്മയും വിജയ്ക്കും ബൗണ്‍സര്‍മാര്‍ക്കുമെതിരെ ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ബാലമുരുകന് പരാതി നല്‍കുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയ്ക്കും ബൗണ്‍സര്‍മാര്‍ക്കുമെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ തന്നെ ശരത്കുമാറിന്റെ അമ്മ വിജയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. യുവാക്കളെ സംരക്ഷിക്കാത്തവര്‍ എങ്ങനെ മുഖ്യമന്ത്രിയാകുമെന്ന് അമ്മ ചോദിച്ചിരുന്നു.