സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ വിപിന്‍ ഭാട്ടിയെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. ഡല്‍ഹിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിപിന്റെ ഭാര്യ നിക്കി മരിച്ചത്. നിക്കിയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. നിക്കിയുടെ ശരീരത്തിലൊഴിക്കാന്‍ പ്രതി ഉപയോഗിച്ച തീപിടിക്കുന്ന ദ്രാവകം കണ്ടെത്താനായി ഇയാളെ വീട്ടിലെത്തിക്കുന്നതിനിടെ പൊലീസിന്റെ തോക്കു തട്ടിയെടുത്ത് ഇയാള്‍ വെടിയുതിര്‍ത്തു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന പൊലീസ് കാലിലാണ് വെടിവെച്ചത്.
വിപിനും അയാളുടെ അമ്മയും ചേര്‍ന്നാണ് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് സഹോദരി കഞ്ചന്‍ ആരോപിക്കുന്നത്. വിപിന്റെ സഹോദരന്‍ രോഹിത്തിന്റെ ഭാര്യയാണ് നിക്കിയുടെ സഹോദരിയായ കഞ്ചന്‍. അമ്മയും മകനും ചേര്‍ന്ന് നിക്കിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ കഞ്ചന്‍ പുറത്ത് വിട്ടിട്ടുണ്ട്. തീപിടിച്ച നിലയില്‍ നിക്കി പടികള്‍ ഓടിയിറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ വിപിനും അമ്മ ദയയും പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ സഹോദരന്‍ രേഹിത്തും പിതാവ് സത്യവീറും ഒളിവിലാണ്.
രാവിലെ ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് നിക്കിയുടെ പിതാവ് ഭീക്കാരി സിംഗ് പയ്ല പറഞ്ഞിരുന്നു. പാര്‍ലര്‍ നടത്തിയാണ് നിക്കി കുട്ടിയെ സംരക്ഷിച്ചിരുന്നതെന്നും ഭര്‍തൃവീട്ടുകാര്‍ അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നും പിതാവ് ആരോപിച്ചിരുന്നു. പൊലീസ് വെടിയുതിര്‍ത്ത് വിപിനെ കീഴ്‌പ്പെടുത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു നിക്കിയുടെ പിതാവിന്റെ ഈ പ്രതികരണം.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സര്‍വസാധാരണമാണെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിക്കി ജീവനൊടുക്കുകയാണ് ഉണ്ടായതെന്നുമാണ് പിടിയിലായ പ്രതിയുടെ വാദം. നിക്കിയും സഹോദരി കഞ്ചനും 2016 ഡിസംബര്‍ 26നാണ് യഥാക്രമം വിപിനെയും സഹോദരന്‍ രോഹിത്തിനെയും വിവാഹം കഴിച്ചത്. ടോപ് മോഡല്‍ സ്‌കോര്‍പിയോ എസ്യുവി, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, പണം, സ്വര്‍ണം, അങ്ങനെയെല്ലാം പെണ്‍കുട്ടികളുടെ കുടുംബം സ്ത്രീധനമായി നല്‍കി. എന്ത് നല്‍കിയിട്ടും ഭര്‍ത്താക്കന്മാരും വീട്ടുകാരും സംതൃപ്തരായിരുന്നില്ലെന്ന് കഞ്ചന്‍ പറയുന്നു.
മറ്റ് സ്ത്രീകളുമായി വിപിനും രോഹിത്തും ബന്ധം പുലര്‍ത്തിയിരുന്നു. ഇത് ചോദ്യം ചെയ്താല്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു ഇവരുടെ പതിവ്. നിക്കിയും കഞ്ചനും മേക്കപ്പ് സ്റ്റുഡിയോ നടത്തുന്നതിലും ഭര്‍തൃവീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. സമ്പാദ്യമെല്ലാം തട്ടിയെടുത്തിട്ട് മര്‍ദിക്കുക പതിവായിരുന്നെന്നും കഞ്ചന്‍ ആരോപിക്കുന്നു. ശരീരത്തില്‍ തീപിടിച്ച് ഓടിയിറങ്ങിയ നിക്കിയെ വെള്ളമൊഴിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും താന്‍ ആ വീഡിയോ ചിത്രീകരിച്ചില്ലായിരുന്നെങ്കില്‍ സത്യമൊരിക്കലും പുറത്തുവരില്ലായിരുന്നെന്നും കഞ്ചന്‍ പറയുന്നു.