ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട അസാധാരണമായ ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. വീട്ട് ജോലിക്കാരി, ജോലി ചെയ്യുന്ന വീട്ടിലെ പാത്രങ്ങള്‍ സ്വന്തം മൂത്രം ഉപയോഗിച്ച് കഴുകുകയും പാത്രങ്ങളില്‍ മൂത്രം തളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു അത്. വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെ ഇനി ഹോട്ടിലില്‍ നിന്നും ജോലിക്കാരുള്ള വീട്ടില്‍ നിന്നും ഏങ്ങനെ ഭക്ഷണം കഴിക്കുമെന്ന് നിരവധി പേരാണ് എഴുതിയത്.
ഭക്ഷണ പാത്രങ്ങളില്‍ നിന്നും അസാധാരണ ദുര്‍ഗന്ധം അനുഭവപ്പെട്ട വീട്ടുടമസ്ഥന്‍ അടുക്കളയില്‍ വച്ച ഒളിക്യാമറയില്‍ ജോലിക്കാരിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. ഇതിന് ശേഷമാണ് പാത്രങ്ങളിലെ ദുര്‍ഗന്ധത്തിന്റെ യഥാര്‍ത്ഥ കാരണം വീട്ടുകാര്‍ക്ക് വ്യക്തമായത്. അതിനെക്കാള്‍ വീട്ടുകാരെയും സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചത്, ആ ജോലിക്കാരി കഴിഞ്ഞ പത്ത് വര്‍ഷമായി അതേ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു.
വീഡിയോയില്‍, ജോലി ചെയ്യുന്ന അടുക്കളയില്‍ വച്ച് ഒരു ഗ്ലാസിലേക്ക് മൂത്രമൊഴിക്കുന്ന ജോലിക്കാരി പാത്രങ്ങളില്‍ മൂത്രം തളിക്കുന്നത് കാണാം. കഴിഞ്ഞ പത്ത് വര്‍ഷമായി തങ്ങളുടെ വീട്ടില്‍ ജോലി ചെയ്യുന്ന സാമന്ത എന്ന ജോലിക്കാരി വിശ്വസ്ഥതായിരുന്നെന്നും എന്നാല്‍, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവരില്‍ നിന്നും അസാധാരണമായ പെരുമാറ്റമാണ് ഉണ്ടായിരുന്നതെന്നും വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് അടുക്കളയില്‍ ഒളിക്യാമറ വച്ചതെന്നും വീട്ടുകാര്‍ നാഗിന പോലീസിനെ അറിയിച്ചു. പോലീസ് സാമന്തയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2024 ഓക്ടോബറില്‍ യുപിയിലെ ഗാസിയാബാദില്‍ നിന്നും സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആ സംഭവത്തില്‍ വീട്ടുടമസ്ഥര്‍ക്ക് വിട്ടുമാറാത്ത വയറ് വേദന പോലുള്ള രോഗങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അടുക്കളയില്‍ ഒളിക്യാമറ വയ്ക്കുകയായിരുന്നു. ഈ സംഭവത്തില്‍ ജോലിക്കാരി മൂത്രമുപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത് വീട്ടുകാര്‍ക്ക് വിളമ്പുകയായിരുന്നെന്ന് ഒളിക്യാമറയില്‍ പതിഞ്ഞു. ഈ സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാന്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ചിലര്‍ എഴുതി.