ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ധര്‍മാധികാരി വീരേന്ദ്ര ഹെഗ്ഡെ. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ക്ഷേത്രനഗരം നേരിടുന്നതെന്നും അത് ഭക്തര്‍ക്കും പ്രദേശവാസികള്‍ക്കും വലിയതോതില്‍ ദുഖമുണ്ടാക്കിയെന്നും വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു. സത്യം ജയിക്കുമെന്നും നീതി നടപ്പിലാകുമെന്നും ഹെഗ്ഡെ പറഞ്ഞു. ക്ഷേത്രത്തിനും ക്ഷേത്രാധികാരികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ധര്‍മസ്ഥലയിലെത്തിയ ജനക്കൂട്ടത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തെറ്റായ പരാതിയും തെളിവുകളും സമര്‍പ്പിച്ചതിനാണ് എസ് ഐ ടി ഇയാളെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനുപിന്നാലെ ഇയാളുടെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതുവരെ സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാല്‍ മുഖംമറച്ചാണ് അന്വേഷണസംഘം തെളിവെടുപ്പിനടക്കം മുന്‍ ശുചീകരണ തൊഴിലാളിയെ എത്തിച്ചിരുന്നത്.
സി എന്‍ ചിന്നയ്യ എന്നാണ് മുന്‍ ശുചീകരണ തൊഴിലാളിയുടെ പേര് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാള്‍.