സാധാരണമായി മോഷണങ്ങളുടെ എല്ലാം പൊതുവായ രീതി എന്താണ്? പണവും, വിലപിടിച്ച ആഭരണങ്ങളും, മറ്റ് വസ്തുക്കളും നഷ്ടപ്പെടും. എന്നാല്‍ ഇന്റര്‍നെറ്റ് യുഗത്തില്‍ ഇന്‍ഫൊര്‍മേഷനും ഏറെ വിലയുണ്ട്. അതുകൊണ്ട് വൈഫൈയും, ബ്രോഡ്ബാന്‍ഡ് കണക്ഷനും വരെ വലിയ കാര്യമായി മാറും.
കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് ഇത്തരമൊരു അപൂര്‍വ്വ മോഷണം നേരിടേണ്ടി വന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വൃദ്ധദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ച് കടന്നതിന് കൗമാരക്കാരനായ മോഷ്ടാവിനെ പിടികൂടിയത്. നട്ടപ്പാതിരയ്ക്ക് വീട്ടുകാരെ വിളിച്ചുണര്‍ത്തി വൈഫൈ പാസ്‌വേര്‍ഡാണ് മോഷ്ടാവ് ആവശ്യപ്പെട്ടത്.
വീട്ടില്‍ കടന്ന് ദമ്പതികളുടെ മുറിയില്‍ എത്തിയെങ്കിലും കൂടുതല്‍ ഉപദ്രവത്തിനൊന്നും നില്‍ക്കാതെ വീട്ടുടമയെ വിളിച്ച് എഴുന്നേല്‍പ്പിച്ച 17-കാരനായ മോഷ്ടാവ് വൈഫൈ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 60-കാരനായ ഉടമ മുഖംമറച്ച മോഷ്ടാവിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പോലീസിനെ വിളിച്ചുവരുത്തി.
മോഷ്ടാവിന്റെ പക്കല്‍ ആയുധങ്ങളൊന്നും ഉണ്ടായില്ല. വൈഫൈ തന്നെയാണോ ഉദ്ദേശമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തലേദിവസവും സമാനമായ തരത്തില്‍ രാത്രി വൈഫൈ പാസ്‌വേര്‍ഡ് ചോദിച്ചെത്തിയ കൗമാരക്കാരനെ വീട്ടുകാര്‍ ഓടിച്ചിരുന്നു.