കേരളത്തില്‍ വികാരിമാരും, ബിഷപ്പും വരെ വിശ്വാസികളെയും, കന്യാസ്ത്രീകളെയും കുമ്പസാരത്തിന്റെ പേരില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസുകള്‍ കത്തിനില്‍ക്കുമ്പോള്‍ ആ വഴി പിന്തുടര്‍ന്ന് വത്തിക്കാനിലെ കന്യാസ്ത്രീകളും. പുരോഹിതന്‍മാരും, ബിഷപ്പുമാരും നടത്തിയ പീഡനങ്ങളെക്കുറിച്ച് വര്‍ഷങ്ങളോളം പരാതി നല്‍കിയിട്ടും സഭാ അധികൃതര്‍ ചെറുവിരല്‍ അനക്കാതെ വന്നതോടെയാണ് കന്യാസ്ത്രീകള്‍ തങ്ങള്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് പൊതുസമൂഹത്തോട് വിളിച്ച് പറയുന്നത്.
തന്റെ പാപങ്ങളെക്കുറിച്ച് ഇറ്റാലിയന്‍ പുരോഹിതനോട് കുമ്പസാരിച്ച കന്യാസ്ത്രീക്ക് അയാളില്‍ നിന്നും നേരിടേണ്ടി വന്നത് ലൈംഗിക പീഡനമാണ്. ഇതോടെ താന്‍ കുമ്പസാരം നിര്‍ത്തിയെന്ന് ഇവര്‍ പറയുന്നു. 20 വര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറോടും, സ്പിരിച്വല്‍ ഡയറക്ടറോടുമാണ് പരാതി നല്‍കിയത്. എന്നാല്‍ കാത്തലിക് സഭയുടെ രഹസ്യ സ്വഭാവം നിറഞ്ഞ സംസ്‌കാരവും, കന്യാസ്ത്രീകള്‍ക്കുള്ള അനുസരണയും ഭയവും, നാണക്കേടും മൂലം ഒന്നും സംഭവിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
ഒന്നും സംഭവിച്ചിട്ടില്ലെന്ന് അഭിനയിക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളിലേറ്റ മുറിവ് വലുതാണെന്ന് ഈ കന്യാസ്ത്രീ വ്യക്തമാക്കുന്നു. യൂറോപ്പിന് പുറമെ ആഫ്രിക്ക, സൗത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള കന്യാസ്ത്രീകള്‍ തങ്ങളുടെ അനുഭവം വെളിപ്പെടുത്തി രംഗത്ത് വരുന്നതായി അസോസിയേറ്റഡ് പ്രസ് പരിശോധന കണ്ടെത്തി. പുരുഷന്‍മാര്‍ നയിക്കുന്ന സഭയില്‍ കന്യാസ്ത്രീകള്‍ രണ്ടാം തരക്കാരാണെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിഷപ്പിനെതിരെ ഇന്ത്യയില്‍ കന്യാസ്ത്രീയുടെ ലൈംഗിക പീഡനക്കേസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിന്തിക്കാന്‍ കഴിയാത്ത സംഭവമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
എന്നാല്‍ വികാരികളും, ബിഷപ്പുമാരും നടത്തുന്ന പീഡനങ്ങളില്‍ ശിക്ഷ നല്‍കുന്നത് പ്രാദേശിക സഭകളുടെ തീരുമാനമാണെന്നാണ് വത്തിക്കാന്‍ അവകാശപ്പെടുന്നത്. കൂടാതെ ചില കന്യാസ്ത്രീകള്‍ പീഡനത്തിന് ഇരയായി ഗര്‍ഭം ധരിക്കുമ്പോള്‍ പുരോഹിതന്‍മാര്‍ കാശ് ചെലവാക്കി അബോര്‍ഷനും നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.