ടൂറിസ്റ്റുകളെ ആനന്ദിപ്പിക്കാനും അല്‍പ്പം ഞെട്ടിക്കാനുമായി മൃഗങ്ങളെ വിനോദോപാധിയാക്കുന്നത് മനുഷ്യര്‍ക്ക് രസകരമായ സംഭവമാണ്. എന്നാല്‍ ഉള്ളിലൊളിപ്പിച്ച വന്യത ചില സമയത്ത് പുറത്ത് വരുമ്പോള്‍ അതിന്റെ പ്രത്യാഘാതവും മനുഷ്യന്‍ നേരിടേണ്ടി വരും. തായ്‌ലാന്‍ഡില്‍ നടന്ന ഷോയ്ക്കിടെയാണ് മുതലയുടെ തൊണ്ടയിലേക്ക് കൈകടത്തിയ പരിശീലകന്റെ കൈ രോഷം പൂണ്ട മുതല കടിച്ചുപിടിച്ചത്.
നോര്‍ത്തേണ്‍ തായ്‌ലാന്‍ഡിലെ ചിയാംഗ് റായിലുള്ള ഫോക്കാത്താറ മൃഗശാലയില്‍ മുതലയെ ഉപയോഗിച്ച് ഷോ ചെയ്യുന്നതിന് ഇടെയായിരുന്നു സംഭവം. ഉഭയജീവിയുടെ വായില്‍ കൈയിട്ട 45കാരനായ താവോ ആയിരത്തോളം വരുന്ന കാണികളെ ഞെട്ടിക്കാനായി കൈ കൂടുതല്‍ അകത്തേക്ക് കടത്തി.
കാണികളെ നോക്കിക്കൊണ്ട് ധൈര്യപ്രകടനം നടത്തിയ താവോയുടെ ശ്രദ്ധ ഒരു നിമിഷം പാളിയതോടെയാണ് മുതല വന്യത പ്രകടിപ്പിച്ചത്. പരിശീലകന്റെ കൈത്തണ്ട കടിച്ച് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് ഉലച്ചതോടെ താവോ കരച്ചില്‍ കൊണ്ട് പിടഞ്ഞു. ഒടുവില്‍ രക്ഷപ്പെടുമ്പോള്‍ ടൈലില്‍ ചോര ഒഴുകുന്നതാണ് കാണുന്നത്.
ആളുകളെ ഞെട്ടിച്ച് കൊണ്ടാണ് സംഭവം നടന്നതെന്ന് കാണികളില്‍ ഒരാള്‍ വ്യക്തമാക്കി. കുട്ടികള്‍ ഭയന്ന് നിലവിളിച്ചു. അതേസമയം പരിശീലകന്റെ നില ഗുരുതരമല്ലെന്ന് മൃഗശാല ഉടമ വ്യക്തമാക്കി.