ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഓസ്‌ട്രേലിയയില്‍ വെച്ചാണ് 25കാരനായ മൗളിന്‍ റാത്തോഡ് കൊല്ലപ്പെട്ടത്. 18 വയസ്സുള്ള ജാമി ലീ ഡോള്‍ഗൈ കഴിഞ്ഞ ആഴ്ച അറസ്റ്റിലായിരുന്നു.
സണ്‍ബറിയിലെ ജാമിയുടെ വീട്ടില്‍ വെച്ച് നടന്ന അക്രമത്തില്‍ ഏറ്റ ഗുരുതരമായ പരുക്കുകളാണ് റാത്തോഡിന്റെ ജീവനെടുത്തത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം മരണത്തിന് കീഴടങ്ങി. ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടതും കണ്ടുമുട്ടിയതും.
കസ്റ്റഡിയിലുള്ള പെണ്‍കുട്ടി വീഡിയോ ലിങ്ക് വഴിയാണ് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്. കൊലപാതകശ്രമം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അറസ്റ്റിലായപ്പോള്‍ ചുമത്തിയിരുന്നെങ്കിലും യുവാവ് കൊല്ലപ്പെട്ടതോടെയാണ് കൊലക്കേസ് ചുമത്തിയത്.
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടാണ് ഇരുവരും നേരില്‍ കാണാന്‍ തീരുമാനിച്ചത്. മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ത്യയിലുള്ള റാത്തോഡിന്റെ കുടുബവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. കൊലപാതകമായതിനാല്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരിച്ചയയ്ക്കാന്‍ കാലതാമസം നേരിടുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.