മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസ്. 'എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം' എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലില്‍ ശ്രീലേഖ പങ്കുവച്ച വീഡിയോയിലാണ് ശ്രീലേഖ തന്റെ പ്രതികരണം അറിയിച്ചത്. ചിത്രം സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നത് എന്നും പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും പിന്നില്‍ മറ്റെന്തോ ഉദ്ദേശലക്ഷ്യമുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാന്‍ കൊണ്ടുപോയതെന്ന് മനസ്സിലാകുന്നില്ല. ബിജെപി കേരളത്തില്‍ വന്നാല്‍ വലിയ നാശം സംഭവിക്കുമെന്നും ആയുധ ഇടപാടുകളും സ്വര്‍ണക്കടത്തും കൊലയും ചെയ്യുന്ന അധോലോക നായകന് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നുമാണ് സിനിമ പറയുന്നതെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു.
അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ഹൈപ്പോടെ റിലീസ് ചെയ്ത സിനിമയാണ് എമ്പുരാന്‍. താന്‍ ആ ചിത്രം കാണേണ്ട എന്ന് കരുതിയിരുന്നതാണ്. കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിലൂടെ ഇറങ്ങി പോയാലോ എന്ന് പലവട്ടം തോന്നുകയും ചെയ്തു. മാര്‍ക്കോ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ പലരും പ്രതിഷേധിച്ചത് ആ സിനിമയിലെ വയലന്‍സ് ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാല്‍ അത്രത്തോളം വയലന്‍സ് ഈ സിനിമയിലും ഉടനീളമുണ്ട്. എന്നിട്ടും ഇതിനെക്കുറിച്ച് ആരും കാര്യമായിട്ട് പറയുന്നത് കേട്ടില്ല എന്ന് ശ്രീലേഖ പറഞ്ഞു.
'കുറച്ചു നാളുകളായി സിനിമയിലെ നായകന്മാര്‍ വലിയ വില്ലന്മാരും കൊലയാളികളും അധോലോക നായകന്മാരുമായി, അതിനെ മഹത്വവല്‍ക്കരിക്കുന്ന രീതിയില്‍ സിനിമ എടുക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. മലയാള സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നടന്മാരില്‍ ഒരാളായിരുന്നു മോഹന്‍ലാല്‍. ആയിരുന്നു എന്ന് പറയുവാന്‍ കാരണം എമ്പുരാന്‍ മാത്രമല്ല, അതിനു മുമ്പ് ഇറങ്ങിയിട്ടുള്ള പല സിനിമകളും തനിക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്'
'എമ്പുരാന്റെ റീ എഡിറ്റിങ് നടക്കുന്നതിന് മുമ്പാണ് താന്‍ ആ സിനിമ കണ്ടത്. കയ്യും കാലും വെട്ടുന്നത്, തീയില്‍ വെന്ത് മരിക്കുന്നത്, ആളുകള്‍ ബോംബ് പൊട്ടി ഛിന്നഭിന്നമായി മാറുന്നത്, ഗര്‍ഭിണിയെ റേപ്പ് ചെയ്യുന്നത്, കുട്ടികളെ അടിക്കുന്നത് ഉപദ്രവിക്കുന്നത്, എടുത്തെറിയുന്നത്, അങ്ങനെ വളരെ വലിയ വയലന്‍സ് ഉള്ള ഒരു സിനിമയാണ് ഇത്. ഈ സിനിമയില്‍ ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായ ഒന്നല്ല. കേരള രാഷ്ട്രീയ വിശ്വസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്' എന്നുമാണ് ശ്രീലേഖ പറഞ്ഞത്.
'ബിജെപി വന്നാല്‍ നാട് കുട്ടിച്ചോറാകും. മതസൗഹാര്‍ദത്തോടുകൂടി സ്‌നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്റെ ഭാഗമല്ലാതെ മാറിക്കിടക്കുന്നതാണ് സേഫ്. അത് ഭാരതത്തിന്റെ ഭാഗമാക്കണ്ട എന്നുള്ള തെറ്റായ ധാരണ സിനിമ സമൂഹത്തിന് നല്‍കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ക്കും ബിജെപി വിശ്വാസത്തില്‍ നില്‍ക്കുന്ന ആള്‍ക്കാര്‍ക്കും ഒക്കെ ഒരു വലിയ ചാട്ടവാര്‍ അടിപോലെയാണ് തോന്നിയത്' എന്നും ശ്രീലേഖ പറയുന്നു.