അക്ഷയ് കുമാറിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നായ 'ടോയ്ലെറ്റ്: ഏക് പ്രേം കഥ'യെ ജയ ബച്ചന്‍ വിമര്‍ശിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സിനിമ താന്‍ കാണില്ല എന്നായിരുന്നു, ചിത്രത്തിന്റെ പേരിനെയടക്കം വിമര്‍ശിച്ചു കൊണ്ട് ജയ ബച്ചന്‍ പറഞ്ഞത്. ജയ ബച്ചന്റെ വിമര്‍ശനത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍.
സഹതാരങ്ങള്‍ സിനിമകളെ വിമര്‍ശിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടോ എന്ന ചോദ്യത്തോടാണ് അക്ഷയ് പ്രതികരിച്ചത്. ''എന്റെ സിനിമകളെ ആരും വിമര്‍ശിച്ചിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. പാഡ്മാന്‍ പോലുള്ള സിനിമകളെ ഏതെങ്കിലും വിഡ്ഢിയെ വിമര്‍ശിക്കുകയുള്ളു. നിങ്ങള്‍ തന്നെ പറയൂ, ടോയ്ലെറ്റ്: ഏക് പ്രേം കഥ ഉണ്ട്, എയര്‍ലിഫ്റ്റ് ഉണ്ട്, കേസരി ചെയ്തു, കേസരി 2 വരുന്നു, അങ്ങനെ ഒരുപാട് സിനിമകളുണ്ട്.'
'ഒരു വിഡ്ഢി മാത്രമേ അങ്ങനെ വിമര്‍ശിക്കുകയുള്ളു. ഏത് സിനിമയായാലും അത് ആളുകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും അവരെ മനസിലാക്കിക്കുകയും ചെയ്യുന്നുണ്ട്. ആരും എന്നെ വിമര്‍ശിച്ചിട്ടില്ലെന്ന് തോന്നുന്നത്'' എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. കേസരി 2 എന്ന പുതിയ ചിത്രത്തിന്റെ പ്രമഷന്‍ പരിപാടിക്കിടെയാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്.
ജയ ബച്ചന്റെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ശരിയാകും എന്നാണ് നടന്‍ പറയുന്നത്. ''അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍, അത് ശരിയായിരിക്കണം. എനിക്ക് അതിനെ കുറിച്ച് അറിയില്ല. ടോയ്‌ലറ്റ്: ഏക് പ്രേം കഥ എന്ന സിനിമ നിര്‍മ്മിച്ചതിലൂടെ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്നറിയില്ല, പക്ഷേ അവര്‍ അത് പറയുന്നുണ്ടെങ്കില്‍, അത് ശരിയായിരിക്കണം'' എന്നാണ് അക്ഷയ് പറയുന്നത്.