കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി 11.30 യ്ക്ക് വത്തിക്കാനില്‍ നടക്കും. വത്തിക്കാന്റെ നിലവിലെ ആക്ടിങ് ഹെഡ് കര്‍ദിനാള്‍ കെവിന്‍ ഫാരലിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച മൃതദേഹ പേടകത്തിലേക്ക് പോപ്പിനെ മാറ്റും. മാര്‍പാപ്പയുടെ വസതിയായ സാന്ത മാര്‍ത്ത ചാപ്പലിലാണ് ചടങ്ങുകള്‍ നടക്കുക. വത്തിക്കാനിലെ ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പോപിന്റെ കുടുംബാംഗങ്ങളും ചടങ്ങുകളില്‍ പങ്കെടുക്കും.
അതീവ സ്വകാര്യമായ ഒരു ചടങ്ങാണിത്. മരണം സ്ഥിരീകരിക്കുന്ന ചടങ്ങില്‍ മാര്‍പാപ്പയുടെ മാമ്മോദീസ പേര് വത്തിക്കാന്റെ ആക്ടിങ് ഹെഡായ കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ മൂന്ന് തവണ വിളിക്കും. പ്രതികരിക്കാതിരുന്നാല്‍ മരിച്ചതായി സ്ഥിരീകരിക്കുമെന്നതാണ് റോമന്‍ പാരമ്പര്യം. മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മൃതശരീരത്തില്‍ നിന്ന് ഫിഷര്‍മെന്‍സ് മോതിരവും സീലും നീക്കം ചെയ്യും. ഇതിലൂടെ പോപ്പിന്റെ ഭരണത്തിന്റെ അവസാനം അടയാളപ്പെടുത്തും.
ഏപ്രില്‍ 23 ബുധനാഴ്ച രാവിലെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് എത്തിക്കും. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യന്‍ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മാര്‍പാപ്പമാരെ അടക്കം ചെയ്യാറുള്ളത്.