കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍. തുറന്ന ചുവന്ന കൊഫിനില്‍ കിടത്തിയിരിക്കുന്ന മാര്‍പാപ്പയുടെ ഭൗതിക ശരീരത്തില്‍ ചുവന്ന മേലങ്കിയും തലയില്‍ പാപല്‍ മീറ്റര്‍ കിരീടവും കയ്യില്‍ ജപമാലയും കാണാം. അദ്ദേഹത്തിന്റെ വസതിയായ സാന്റ മാര്‍ത്ത ചാപ്പലിലാണ് ഭൗതികദേഹം ഇപ്പോഴുള്ളത്. ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം നടത്താന്‍ കര്‍ദ്ദിനാള്‍മാരുടെ യോഗം തീരുമാനിച്ചു. വത്തിക്കാന്‍ പ്രദേശിക സമയം 10 മണിക്കാണ് കബറടക്കം. സംസ്‌കാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കര്‍ദിനാള്‍മാരുടെ യോഗം 12 മണിയോടെയാണ് ആരംഭിച്ചത്. യോഗത്തില്‍ പങ്കെടുക്കാനും മറ്റ് ചടങ്ങുകള്‍ക്കുമായി കേരളത്തില്‍ നിന്ന് ക്ലിമിസ് കതോലിക്കാ ബാവ വത്തിക്കാനിലേക്ക് തിരിച്ചിരുന്നു.
മാര്‍പാപ്പയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിനായിസെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിക്കും. വത്തിക്കാനിലെ പ്രാദേശിക സമയം ഒന്‍പത് മണിക്കാണ് പൊതുദര്‍ശനം. വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.
സംസ്‌കാര ശുശ്രൂഷ നടക്കുക സെന്റ് പീറ്റേഴ്‌സ് ബസലിക്കയ്ക്ക് പുറത്ത് വെച്ചായിരിക്കും. ഇതിന് ശേഷം ഭൗതികശരീരം സെന്റ് മരിയ മജോറയിലേയ്ക്ക കൊണ്ടുപോകും. ഡീന്‍ ഓഫ് കര്‍ദിനാള്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും
തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോമിലെ മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തില്‍ പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയിട്ടുണ്ട്. ശവകൂടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. വത്തിക്കാന്‍ പാപ്പയുടെ മരണപത്രം പുറത്ത് വിട്ടു. മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിപക്ഷവും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് തനിക്ക് അന്ത്യവിശ്രമം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ആയിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മരണ പത്രത്തില്‍ വ്യക്തമാക്കിയിരുന്നു.