ബലൂചിസ്ഥാനിലെ സ്ഫോടനത്തില്‍ പത്ത് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐഇഡി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്
സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ പരിക്ക് ഗുരുതരമാണെന്നും പാക് സൈനിക വക്താവ് പറഞ്ഞു.
പാക്കിസ്ഥാന്‍ സൈന്യത്തിനെതിരായ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രമായി തുടരുമെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി പറഞ്ഞു. സുബേദാര്‍ ഷെഹ്‌സാദ് അമീന്‍, നായിബ് സുബേദാര്‍ അബ്ബാസ് തുടങ്ങിയവര്‍ കൊല്ലപ്പെട്ട സൈനികരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
''ക്വറ്റയുടെ പ്രാന്തപ്രദേശമായ മാര്‍ഗറ്റില്‍ റിമോട്ട് കണ്‍ട്രോള്‍ ഐഇഡി ആക്രമണത്തിലൂടെ ബലൂച് ലിബറേഷന്‍ ആര്‍മി സ്വാതന്ത്ര്യ സമര സേനാനികള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഒരു വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചു. ഈ ഓപറേഷനില്‍, ഒരു ശത്രു വാഹനം പൂര്‍ണമായും നശിപ്പിക്കപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന 10 സൈനികരെ ഇല്ലാതാക്കുകയും ചെയ്തു.
ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുക്കുകയും അധിനിവേശ ശത്രു സൈന്യത്തിനെതിരായ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രമായി തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുവെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.